ഒക്ടോബർ 7 ആക്രമണം: മുന്നറിയിപ്പുകൾ പലതും, നടപടികൾ എവിടെ പാളി?

ഒക്ടോബർ 7 ആക്രമണം: മുന്നറിയിപ്പുകൾ പലതും, നടപടികൾ എവിടെ പാളി?


ജറുസലേം: 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് മുമ്പ് ഇസ്രയേലിന് ഒന്നിലധികം മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്ന പുതിയ റിപ്പോർട്ടുകൾ, ആക്രമണത്തിന് മുന്നോടിയായി ലഭിച്ച രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് വീണ്ടും ശക്തി പകരുന്നു. ഈജിപ്തിന്റെയും യുഎഇയുടെയും ഉന്നതതല വൃത്തങ്ങളിൽനിന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ ആരോപണങ്ങൾ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്.

'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് പ്രകാരം ഈജിപ്തിന്റെ രഹസ്യാന്വേഷണ മേധാവി അബ്ബാസ് കമാൽ ഒക്ടോബർ 7ന് മുമ്പ് കുറഞ്ഞത് മൂന്ന് തവണ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തിന് ഏകദേശം രണ്ടാഴ്ച മുമ്പ് കമാൽ രഹസ്യമായി ഇസ്രയേൽ സന്ദർശിച്ച് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയെന്നും തുടർന്ന് ആക്രമണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്. ഗസ്സയിൽ വലിയ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ ഹമാസ് നടത്തുന്നതായി മുന്നറിയിപ്പ് നൽകിയെങ്കിലും ആക്രമണത്തിന്റെ കൃത്യമായ തീയതിയോ ലക്ഷ്യങ്ങളോ വിശദാംശങ്ങളോ ലഭ്യമാക്കിയിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ഇതിന് സമാനമായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 സെ്ര്രപംബറിൽ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഹമാസ് വലിയ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ഉദ്ധരിക്കുന്നു. ആക്രമണം വലിയ രക്തച്ചൊരിച്ചിലിനും പ്രാദേശിക അസ്ഥിരതയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഗസ്സയിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനും വെസ്റ്റ് ബാങ്കിലെ സംഘർഷം കുറയ്ക്കാനും യുഎഇ നേതൃത്വം നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, മുന്നറിയിപ്പുകളുടെ സ്വഭാവവും അവയുടെ ഗൗരവവും സംബന്ധിച്ച് മറ്റൊരു പ്രധാന വശമുണ്ട്. ഒക്ടോബർ 7ന് മുമ്പുണ്ടായിരുന്ന പല സുരക്ഷാ മുന്നറിയിപ്പുകളും ഗസ്സയിൽ റോക്കറ്റ് ആക്രമണമോ പരിമിതമായ സംഘർഷമോ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു. ഹമാസ് പിന്നീട് നടത്തിയതുപോലുള്ള ഏകോപിതവും ബഹുമുഖവുമായ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമായി സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതിനാൽ ലഭിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്നത് മാത്രം, ആക്രമണത്തിന്റെ കൃത്യമായ സ്വഭാവം മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു എന്ന് തെളിയിക്കുന്നില്ല.

ഇതിനിടെ, ഹമാസിൽനിന്നും മുന്നറിയിപ്പ് സൂചനകൾ ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. യഹ്യ സിൻവാർ സെപ്തംബറിൽ 'ഭൂകമ്പം', 'എല്ലാ അത്ഭുതങ്ങളുടെയും മാതാവ്' തുടങ്ങിയ പ്രയോഗങ്ങളിലൂടെ വലിയ നീക്കത്തിന് തയ്യാറെടുക്കുന്നതായി സന്ദേശങ്ങൾ നൽകിയിരുന്നുവെന്നും ഷിൻ ബെറ്റ് ഇത് സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അന്നത്തെ ഷിൻ ബെറ്റ് മേധാവി റോണൻ ബാർ പ്രതിരോധ നേതൃത്വത്തിന് ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ഈ ആരോപണങ്ങൾ നെതന്യാഹുവിന്റെ ഓഫീസ് ശക്തമായി നിഷേധിക്കുന്നു. യുഎഇ പ്രസിഡന്റുമായി പ്രസ്തുത കാലയളവിൽ നെതന്യാഹു സംസാരിച്ചിട്ടില്ലെന്നും അദ്ദേഹത്തിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. നേരത്തെയും നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥർ മതിയായ മുന്നറിയിപ്പ് നൽകിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.

അതിനാൽ ഒക്ടോബർ 7ന് മുമ്പ് എന്തെല്ലാം വിവരങ്ങൾ ഇസ്രയേലിന് ലഭിച്ചു, അവ ആരെല്ലാം പരിശോധിച്ചു, രാഷ്ട്രീയ നേതൃത്വത്തിന് എത്രമാത്രം വിവരം കൈമാറി, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവയാണ് ഇപ്പോഴത്തെ പ്രധാന ചോദ്യങ്ങൾ. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും അവ നിഷേധിക്കുന്ന ഔദ്യോഗിക നിലപാടും തമ്മിലുള്ള വൈരുധ്യം, ഒക്ടോബർ 7ന് മുമ്പുള്ള ഇസ്രയേലിന്റെ സുരക്ഷാ സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണ്.