ഡെട്രോയിറ്റില്‍ സ്ട്രിപ്പ് ക്ലബ്ബില്‍ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്

ഡെട്രോയിറ്റില്‍ സ്ട്രിപ്പ് ക്ലബ്ബില്‍ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്


ഡെട്രോയിറ്റ്: മിഷിഗണിലെ ഡെട്രോയിറ്റില്‍ സ്ട്രിപ്പ് ക്ലബ്ബില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍vdvുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് പ്രാഥമിക വിവരം.

നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഈറ്റണ്‍ അവന്യൂവിനും പ്രെസ്റ്റ് സ്ട്രീറ്റിനും സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൂന്നുപേര്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പരിക്കേറ്റവര്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ്. ഇവരെ സ്വകാര്യ വാഹനങ്ങളില്‍ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചു.

വേദിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് ഡെട്രോയിറ്റ് പൊലീസ് മേധാവി ടോഡ് ബെറ്റിസണ്‍ പറഞ്ഞു. 

സംഭവത്തില്‍ അന്വേഷണസംഘത്തിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കി. രാത്രി സമയത്തിന് ശേഷവും പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ട്രിപ്പ് ക്ലബ്ബായിരുന്നു സ്ഥാപനം.

വെടിവെപ്പുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അധികൃതരെ സമീപിക്കണമെന്ന് ഡെട്രോയിറ്റ് മേയര്‍ മേരി ഷെഫീല്‍ഡ് അഭ്യര്‍ഥിച്ചു. 

തര്‍ക്കത്തിനും തുടര്‍ന്നുണ്ടായ വെടിവെപ്പിനും കാരണമായ സാഹചര്യം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങളോ വിവരണങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

നിലവില്‍ പൊതുജനങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് ഡെട്രോയിറ്റ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.