നെതന്യാഹുവും യുഎഇ പ്രസിഡന്റും രഹസ്യ കൂടിക്കാഴ്ച നടത്തി; അബുദാബിയിലെ സന്ദർശനം ചർച്ചയാകുന്നു

നെതന്യാഹുവും യുഎഇ പ്രസിഡന്റും രഹസ്യ കൂടിക്കാഴ്ച നടത്തി; അബുദാബിയിലെ സന്ദർശനം ചർച്ചയാകുന്നു


അബുദാബി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച അബുദാബിയിലെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ച സംബന്ധിച്ച് നെതന്യാഹുവിന്റെ ഓഫീസോ യുഎഇ വിദേശകാര്യ മന്ത്രാലയമോ ഉടൻ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് മുമ്പ് ഷെയ്ഖ് മുഹമ്മദ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന ഇസ്രയേലി പത്രമായ ഹാരെറ്റ്‌സിന്റെ റിപ്പോർട്ടിനിടെയാണ് രഹസ്യ സന്ദർശനം. ഹമാസ് വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ആക്രമണത്തിന് ഏകദേശം ഒന്നര ആഴ്ച മുമ്പ് യുഎഇ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ വിവരം ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്കോ സൈന്യത്തിനോ കൈമാറിയില്ലെന്നുമാണ് റിപ്പോർട്ടിലെ ആരോപണം.

എന്നാൽ ഹാരെറ്റ്‌സിന്റെ റിപ്പോർട്ട് നെതന്യാഹു നിഷേധിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബർ ഏഴിന് മുമ്പുണ്ടായ സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നതിനിടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ തിരിച്ചുവരവ് പ്രചാരണവും ശക്തമാണ്.