തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ച നിയമസഭാ കൈയാങ്കളി കേസിൽ നവംബർ മൂന്നിന് വിചാരണ തുടങ്ങും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടപടികൾ. സംഭവത്തിന് ശേഷം പതിനൊന്ന് വർഷം പിന്നിടുമ്പോഴാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. വിചാരണയുടെ ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ പി.ഡി ശാരംഗധരനെ കോടതി വിസ്‌തരിക്കും.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എൽഡിഎഫ് സർക്കാർ സുപ്രീം കോടതി വരെ പോയെങ്കിലും ഹർജി തള്ളിയതോടെയാണ് വിചാരണ നേരിടാൻ പ്രതികൾ നിർബന്ധിതരായത്. ജനപ്രതിനിധികൾക്ക് നിയമസഭയ്ക്കുള്ളിൽ പരിരക്ഷയുണ്ടെന്ന വാദം സുപ്രീം കോടതി തള്ളുകയും, പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുക തന്നെ വേണമെന്ന കർശന നിലപാട് സ്വീകരിക്കുകയും ചെയ്‌തിരുന്നു.അക്രമം നടക്കുന്ന സമയത്തും നിലവിൽ വിചാരണയ്ക്ക് കേസ് എത്തുന്ന സന്ദർഭത്തിലും യുഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളതെന്ന പ്രത്യേകതയുമുണ്ട്.
മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇതിൽ കെ. അജിത് സിപിഐ വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിൽ പുതിയ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 81 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെങ്കിലും പുതിയ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് മുൻപ് സമർപ്പിച്ച കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാകും വിചാരണ നടപടികൾ തുടരുക.
2015 മാർച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇടതുപക്ഷ എംഎൽഎമാർ നിയമസഭയ്ക്കകത്ത് വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. പ്രതിപ്പട്ടികയിലുള്ള നേതാക്കൾ സ്‌പീക്കറുടെ ഡയസിലേക്ക് കയറി കസേരകൾ മറിച്ചിടുകയും സഭയ്ക്കുള്ളിൽ അക്രമാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. സഭയ്ക്കുള്ളിൽ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തുവെന്നാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്ന പൊലീസ് കേസ്.
ഇതിന് പിന്നാലെയാണ് ബഹളത്തിനിടെ യുഡിഎഫ് എംഎൽഎമാർ ഇടതുപക്ഷത്തെ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്‌തുവെന്ന് ആരോപിച്ച് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തത്. അന്നത്തെ കോൺഗ്രസ് എംഎൽഎമാർ തങ്ങളെ കൈയേറ്റം ചെയ്‌തതായി എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസിൽ തുടരന്വേഷണത്തിന് അനുമതി തേടിയിരുന്നത്. എന്നാൽ ഈ കേസ് നിലനിൽക്കില്ലെന്നും തങ്ങൾ ആരെയും കൈയേറ്റം ചെയ്‌തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
സഭയിലുണ്ടായ വലിയ ബഹളത്തിനിടെ കൈമുട്ട് തട്ടിയതാണെന്നും, സ്ത്രീത്വത്തെ അപമാനിക്കാൻ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും അവർ കോടതിയെ അറിയിച്ചു. ആദ്യ കേസിൽ പ്രതിരോധത്തിലായപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കെട്ടിച്ചമച്ചതാണ് രണ്ടാമത്തെ കേസ് എന്നായിരുന്നു യുഡിഎഫിൻ്റെ പ്രധാന വാദം. ഈ വാദങ്ങൾ അംഗീകരിച്ച് കോടതി പിന്നീട് ഈ കേസ് റദ്ദാക്കി മുൻ യുഡിഎഫ് എംഎൽഎ എ.ടി ജോർജിനെ കുറ്റവിമുക്തനാക്കിയതോടെ കേസ് പൂർണ്ണമായും ഇല്ലാതായി.
നിയമസഭാ കൈയാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു; ആദ്യ സാക്ഷി വിസ്താരം മുൻ നിയമസഭ സെക്രട്ടറിയെ
