ബില്‍ഡിംഗ് പെര്‍മിറ്റിന് 15000 രൂപകൈക്കൂലി വാങ്ങിയ കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥയെ വിജിലന്‍സ് പിടികൂടി

ബില്‍ഡിംഗ് പെര്‍മിറ്റിന് 15000 രൂപകൈക്കൂലി വാങ്ങിയ കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥയെ വിജിലന്‍സ് പിടികൂടി


കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥയെ വിജിലന്‍സ് സംഘം പിടികൂടി. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫിസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ സ്വദേശി സ്വപ്നയാണ് പിടിയിലായത്. ഓവര്‍സിയര്‍ ഗ്രേഡ്1 ഉദ്യോഗസ്ഥയാണിവര്‍.

ബില്‍ഡിങ് ഡ്രോയിങ് പെര്‍മിറ്റിന് അനുമതി നല്‍കാന്‍ 15,000 രൂപയാണ് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയില്‍വെച്ച് കെട്ടിട നിര്‍മാണ പെര്‍മിറ്റിനായി 15,000 രൂപ വാങ്ങുമ്പോഴായിരുന്നു വിജിലന്‍സ് സംഘം ഇവരെ പിടികൂടിയത്.

കോര്‍പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. കുറച്ചു ദിവസമായി സ്വപ്ന വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.

സ്വന്തം വാഹനത്തിലാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തിയത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ആന്റികറപ്ഷന്‍ എസ്.പി ശശിധരന്റെ നിര്‍ദേശാനുസരണം ജി. സുനില്‍കുമാര്‍, കെ.എ. തോമസ് എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.