ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തില്‍; ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചു പോയി

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തില്‍; ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചു പോയി


ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണ്. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുള്‍പൊട്ടലിന്റേയും പ്രഭവകേന്ദ്രമെന്നാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ട ചിത്രം വ്യക്തമാക്കുന്നത്. പാറക്കല്ലുകളും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങി ഇരവഞ്ഞിപ്പുഴയുടെ തീരങ്ങള്‍ തകര്‍ന്നുപോയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു