തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് (ങ ടംമൃമഷ) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറയില്‍നിന്ന് 2016ല്‍ എംഎല്‍എയായ എം സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
നിലമ്പൂരില്‍ ഒരു രാഷ്ട്രീയ പോരാട്ടം തന്നെയായാണ് ഇടതുപക്ഷം കാണുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സഖാവ് എം സ്വരാജ് സ്ഥാനാര്‍ഥി ആകണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിയിലും ഉയര്‍ന്നുവന്ന സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നിര്‍ത്തണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായി നില്‍ക്കുകയാണ്. എം സ്വരാജ് മിടുക്കനായ സ്ഥാനാര്‍ഥിയാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ യൂദാസിനെ പോലെ ഒറ്റുകൊടുത്ത് അന്‍വര്‍ ദയനീയ അവസ്ഥയിലാണ്. കാലുപിടിക്കുമ്പോഴും മുകത്ത് ചെളിവാരി എറിയുകയാണെന്നാണ് യുഡിഎഫ് നേതാക്കളെ പറ്റി അന്‍വര്‍ പറയുന്നത്. തനിക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുമ്പോഴും രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് കാത്തിരിക്കുന്ന അന്‍വറിന്റെ ദയനീയ മുഖമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമെന്ന് ജനങ്ങള്‍ പറയുന്നു-എം സ്വരാജ്
തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്താകെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു അഭിപ്രായം ശക്തിപ്പെട്ടു വരുന്നുണ്ട്. ഇത് ഇടതുപക്ഷത്തിന് അനുകൂലമാണ്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും സ്വരാജ് പറഞ്ഞു.
'ഇത് ഇടതുപക്ഷക്കാര്‍ മാത്രമല്ല അല്ലാത്തവരും ഉണ്ട്, അവര്‍ പറയുന്നത് കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നാണ് അതിന് കാരണം കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ്, ക്ഷേമപ്രവര്‍ത്തനങ്ങളാണ്. ഒരു നവകേരളം സൃഷ്ടിക്കുക, അതിന്റെ ഗുണഭോക്താക്കളാണ് സാധരണക്കാരായ ജനങ്ങള്‍. അതുകൊണ്ട് അവര്‍ക്ക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് വലിയ മമതയാണ് ഉള്ളതെന്നും' എം സ്വരാജ് പറഞ്ഞു.
ഉറച്ച മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, രാജ്യത്തെ വര്‍ഗീയ ധ്രൂവികരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും സ്വീകരിക്കുന്ന ഉറച്ച നിലപാട് പ്രതീക്ഷ നല്‍കുന്നതാണ്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും സ്വരാജ് പറഞ്ഞു. എല്‍ഡിഎഫിന് ഉറച്ച ആത്മവിശ്വാസമുണ്ട്. ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള നാന്നിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു.
നിലമ്പൂരില്‍ എം സ്വരാജ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി
