യുകെയിൽ 'ഇന്നൊവേറ്റർ ഓഫ് ദി ഇയർ' പുരസ്‌കാരം മലയാളി സംരംഭകർക്ക്

യുകെയിൽ 'ഇന്നൊവേറ്റർ ഓഫ് ദി ഇയർ' പുരസ്‌കാരം മലയാളി സംരംഭകർക്ക്


കൊച്ചി: യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് നിർണായക സംഭാവന നൽകുന്ന നൂതന സംരംഭം വികസിപ്പിച്ചതിന് മലയാളി സംരംഭകർക്ക് യുകെയിൽ 'ഇന്നൊവേറ്റർ ഓഫ് ദി ഇയർ' പുരസ്‌കാരം. കേരളത്തിൽ നിന്നുള്ള ഹെർമർച്ചീസ് ബാലനും സിറിൾ റോയിയും ആണ് ഈ അംഗീകാരത്തിന് അർഹരായത്. യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എൻഡോഴ്‌സ്‌മെന്റ് ബോഡിയായ എൻവെസ്റ്റേഴ്‌സ് ലിമിറ്റഡാണ് പുരസ്‌കാരം നൽകിയത്.

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇവർക്ക് ഈ ബഹുമതി ലഭിച്ചത്. യുകെ സർക്കാർ നൽകുന്ന ഇന്നൊവേറ്റർ ഫൗണ്ടർ വിസയിലൂടെ ഇംഗ്ലണ്ടിലെത്തി ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750ലധികം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് മലയാളി സംരംഭകരെ തെരഞ്ഞെടുത്തത്.

ഇന്ത്യയിൽ നിന്നുള്ള അപൂർവമായ സ്റ്റാർട്ടപ്പ് വിസ ജേതാക്കളിൽപ്പെടുന്ന ഹെർമർച്ചീസും സിറിളും, യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വ്യക്തമായ മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 'മെന്റർ മെർലിൻ യുകെ ലിമിറ്റഡ്' എന്ന ആരോഗ്യ സംരക്ഷണ പരിശീലനസാങ്കേതിക സ്ഥാപനം ആരംഭിച്ചു. നഴ്‌സ് ക്ഷാമം അടക്കമുള്ള പ്രതിസന്ധികൾ മറികടക്കാൻ ഈ സംരംഭം നൽകിയ സംഭാവനകളും അതിനായി വികസിപ്പിച്ച സാങ്കേതിക വിദ്യകളും പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.

2019ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് വിസയും ഇന്നൊവേറ്റർ ഫൗണ്ടർ വിസയും നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ അവാർഡ് നൽകുന്നത്. തുടക്കം മുതൽ പങ്കെടുത്ത എല്ലാ സംരംഭകരെയും പരിഗണിച്ച ശേഷം തിരഞ്ഞെടുത്തതെന്നത് ഈ അംഗീകാരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ദീർഘവീക്ഷണമുള്ള ആശയം, ധീരമായ കാഴ്ചപ്പാട്, ഫലപ്രദമായ നിർവഹണം, സാമൂഹിക സ്വാധീനം എന്നിവകൊണ്ട് മെന്റർ മെർലിൻ വേറിട്ടുനിന്നു. വെറും നാല് വർഷത്തിനുള്ളിൽ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനമായി ഇത് വളർന്നു.

കേരളത്തിനും ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സ്റ്റാർട്ടപ്പ് സാന്നിധ്യത്തിനും അഭിമാനകരമായ നേട്ടമാണിത്. ശക്തമായ സാമൂഹിക ദൗത്യം നിലനിർത്തിക്കൊണ്ട് ആഗോള തലത്തിൽ സ്വാധീനം ചെലുത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സംരംഭകർക്ക് ഈ വിജയം പ്രചോദനമാകുന്നു.

തുടക്കം മുതൽ പിന്തുണ നൽകിയ എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി ഹെർമർച്ചീസ് ബാലൻ പറഞ്ഞു. കേരളത്തിൽ നിന്ന് കൂടുതൽ പേർ നൂതന ആശയങ്ങളുമായി മുന്നോട്ടുവരാനും ആഗോള അവസരങ്ങൾ തേടാനും ഈ അംഗീകാരം പ്രചോദനമാകുമെന്ന് സിറിൾ റോയ് അഭിപ്രായപ്പെട്ടു.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെർമർച്ചീസ്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സിറിൾ റോയ്. 2023, 2024 വർഷങ്ങളിൽ യുകെ എൻഎച്ച്എസിന്റെ 75ാം വാർഷിക പ്രസിദ്ധീകരണത്തിലും കോമൺവെൽത്തിന്റെ 75ാം വാർഷിക പ്രസിദ്ധീകരണത്തിലും മെന്റർ മെർലിൻ യുകെ ലിമിറ്റഡ് ഇടം നേടിയിരുന്നു.

നിക്ഷേപ-ഇന്നൊവേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന യുകെ ആസ്ഥാനമായ പ്രമുഖ സ്ഥാപനമായ എൻവെസ്റ്റേഴ്‌സ്, യുകെയിൽ നൂതന സംരംഭങ്ങൾ ആരംഭിക്കാനും വളർത്താനും ആഗ്രഹിക്കുന്ന സംരംഭകരെ വിദഗ്ധ മെന്റർഷിപ്പും നിക്ഷേപക ശൃംഖലകളും ഉൾപ്പെടെയുള്ള പിന്തുണകളുമായി ബന്ധിപ്പിക്കുന്ന സ്ഥാപനമാണ്.