മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ്  അന്തരിച്ചു


കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാര്‍ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.

എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് മുഴുവന്‍ പേര്.  സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവര്‍ണപതാക പോക്കറ്റില്‍ കുത്തി സ്‌കൂളിലെത്തിയ ലോറന്‍സിനെ അദ്ദേഹം പഠിച്ച സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. എറണാകുളം മുനവിറുല്‍ ഇസ്ലാം സ്‌കൂളില്‍ പഠനം തുടര്‍ന്നെങ്കിലും പത്താം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി.

1946 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത്. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരില്‍ ഒരാള്‍ ആയിരുന്നു. 1950ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി. രണ്ടുവര്‍ഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു.  1965ല്‍ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ചും അടിയന്തിരാവസ്ഥക്കാലത്തും അദ്ദേഹം വിവിധ ജയിലുകളില്‍ കഴിഞ്ഞു.