കോഴിക്കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. എംടിയുടെ അസുഖവിവരമറിഞ്ഞ് മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി. ഹൃദയാഘാതം ഉണ്ടായ വിവരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, എഴുത്തുകാരന്‍ എം.എന്‍. കാരശേരി, എന്നിവരടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തിയിരുന്നു. ഓക്സിജന്റെ സഹായത്തോടെയാണ് എം.ടി.വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുന്നതെന്ന് എം.എന്‍. കാരശേരി പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു.
വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എംടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ശ്വാസതടസ്സത്തെത്തുടര്‍ന്ന് അഞ്ചുദിവസമായി അദ്ദേഹം ആശുപത്രിയില്‍ തുടരുകയാണ്. ഹൃദയാഘാതവും സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
എംടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സംസ്ഥാന മന്ത്രിമാര്‍ ആശുപത്രിയിലെത്തി