വൈപ്പിന്‍, മുനമ്പം ഭൂമി വിഷയം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രമ്യമായി പരിഹരിക്കണമെന്ന് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

വൈപ്പിന്‍, മുനമ്പം ഭൂമി വിഷയം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രമ്യമായി പരിഹരിക്കണമെന്ന് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി


കോഴിക്കോട്: എറണാകുളത്തെ വൈപ്പിന്‍, മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് രമ്യമായ പരിഹാരത്തിന് മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വിഷയം സാമുദായിക സ്പര്‍ധയിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ പങ്കെടുത്ത യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിന് കോട്ടം തട്ടാതെ ഭൂമിപ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ട് രമ്യമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി.

സര്‍ക്കാരിന് മാത്രമേ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ സഹകരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറാണ്. പല തല്‍പര കക്ഷികളും വിഷയം ദുരുപയോഗം ചെയ്യുന്നുണ്ട്. സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ഇടയാക്കാതെ ഇത്തരം വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനാണെങ്കിലും സര്‍ക്കാര്‍ മുന്‍കൈയെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ധ്രുവീകരണത്തിനുള്ള അവസരം ഒരുക്കപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധി മുസ്‌ലിം സംഘടനകള്‍ക്ക് ഉണ്ടെന്ന് ജമാഅത്ത് ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കളായ പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍ ഡോ. എം കെ മുനീര്‍, വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് ബഹാഉദ്ധീന്‍ നദ്വി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, പി മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, സി പി ഉമ്മര്‍ സുല്ലമി, അഡ്വ. മുഹമ്മദ് ഹനീഫ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കെ സജ്ജാദ്, ഇ പി അശ്‌റഫ് ബാഖവി, അഡ്വ. പി കെ അബൂബക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.