തിരുവനന്തപുരം: വിദേശ യാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദ്ദേശം. വിസിറ്റിംഗ്, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷ്വറൻസ്.
വയസ്, യാത്രയുടെ കാലയളവ്, രാജ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. പോളിസി പരിരക്ഷ എന്തിനൊക്കെയുണ്ടെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയുടെ ഹോട്ട്‌ലൈനിൽ ബന്ധപ്പെടണം.
തദ്ദേശീയ പൊലീസ്, എംബസി, ട്രാൻസ്‌പോർട്ടേഷൻ കമ്പനി തുടങ്ങിയവരെയും വിവരം അറിയിക്കണം.
ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, ചികിത്സാ ചെലവ്, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. പാസ്‌പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ ഇൻഷ്വറൻസ് കവറേജ് സഹായകമാകും
വിദേശ യാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം; നിർദ്ദേശവുമായി നോർക്ക