കെ.രാധാകൃഷ്ണനു പകരം ഒ.ആര്‍.കേളു പിണറായി മന്ത്രിസഭയിലേക്ക്; വകുപ്പുകളില്‍ മാറ്റം

കെ.രാധാകൃഷ്ണനു പകരം ഒ.ആര്‍.കേളു പിണറായി മന്ത്രിസഭയിലേക്ക്; വകുപ്പുകളില്‍ മാറ്റം


തിരുവനന്തപുരം: ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളുവിനെ സംസ്ഥാന മന്ത്രിസഭയിലെടുക്കും. പട്ടികജാതി പട്ടിക വര്‍ഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷിനും നല്‍കി.

നിലവില്‍ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വി.എന്‍.വാസവനുള്ളത്. തദ്ദേശസ്വയംഭരണം, എക്‌സൈസ് എന്നിവയാണ് എം.ബി. രാജേഷിന്റെ ഇപ്പോഴത്തെ വകുപ്പുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മറ്റു ചില അഴിച്ചുപണികള്‍ കൂടി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും അത്തരം മാറ്റങ്ങളൊന്നും നിലവില്‍ വേണ്ട എന്നാണു പാര്‍ട്ടി തീരുമാനം.

വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിലും വയനാട്ടില്‍നിന്നു മന്ത്രിമാരുണ്ടായിരുന്നില്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒരാളെ സിപിഎം ആദ്യമായാണ് മന്ത്രിയാക്കുന്നത്. പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലാണ് ജയലക്ഷ്മി അംഗമായിരുന്നത്.

വയനാട് ജില്ലയില്‍നിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലും വിജയം ആവര്‍ത്തിച്ചു.