ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്താന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ഒരു ചടങ്ങില്‍ അതിഥികളായെത്തിയതിനു പിന്നാലെ ഇത്തരമൊരു പരിപാടിയില്‍ ഇന്ത്യവിരുദ്ധനായ അഫ്രീദിയെ പങ്കെടുപ്പിച്ചതിനെതിരെ പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ രോഷം ശക്തമായി.
മെയ് 25 ന് കൊച്ചിന് യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷന് (CUBAA) ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്താന് അസോസിയേഷന് ദുബായ് (PAD) ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓര്‍മച്ചുവടുകള്‍ 2025 എന്ന പരിപാടിയിലാണ് പാക് ക്രിക്കറ്റര്‍മാര്‍ എത്തിയത്.
ഇവരെ ചടങ്ങിന്റെ ഭാരവാഹികള്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെയും തുടര്‍ന്ന് ഇവര്‍ കേരളത്തെ പുകഴ്ത്തി സംസാരിക്കുന്നതിന്റയെയും ദൃശ്യങ്ങള്‍ ഇതോടകം വൈറല്‍ ആയിക്കഴിഞ്ഞു.
സ്വന്തം സാംസ്കാരിക പരിപാടി നിര്‍ത്തി വച്ചാണ് മലയാളി സംഘാടകര്‍ ഷാഹിദ് അഫ്രീദിയ്ക്ക് ഊഷ്മള സ്വീകരണം നല്‍കിയത് എന്ന് ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊട്ടടുത്ത് പാകിസ്താന് അസോസിയേഷന് ഓഫ് ദുബായ് നടത്തിയ ചടങ്ങില്‍ പങ്കടുക്കാന്‍ എത്തിയ ഇവരെ സംഘാടകര്‍ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം.
കേരളത്തില്‍ നിന്നുള്ള ആരാധകര്‍ക്ക് തന്നോടുള്ള പ്രത്യേകസ്നേഹവും അഫ്രീദി വേദിയില്‍ പങ്കിട്ടു.
കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച അഫ്രീദി അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ ഭക്ഷണ സംസ്കാരത്തെക്കുറിച്ചും എടുത്തു പറഞ്ഞു.'കളത്തില്‍ ഞങ്ങള്‍ കഠിനമായ മത്സരമാണ് കാഴ്ചവെച്ചത്. പക്ഷേ കളിക്കളത്തിന് പുറത്ത് ഞങ്ങളുടെ ബന്ധങ്ങള്‍ എല്ലായ്പ്പോഴും സൗഹൃദപരമാണ്,' അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകള്‍ താന്‍ പലപ്പോഴും യൂട്യൂബില്‍ കാണാറുണ്ടെന്നും അതിമനോഹരമായ പാചകരീതികളുള്ള മനോഹരമായ സ്ഥലമാണ് കേരളമെന്നും അഫ്രീദി പറഞ്ഞു.
ഏപ്രില്‍ 22 ന്പാക് പിന്തുണയുള്ള ഭീകരര്‍ 26 നിരപരാധികളെ കൊല ചെയ്ത പഹല്‍ഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ ' ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്ന്' അഫ്രീദി കളിയാക്കിയിരുന്നു. പാകിസ്താനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചത്. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യന്‍ സൈനികന് പോലും വന്നില്ലെന്നും സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേല്‍ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചിരുന്നു.
ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം അമ്പരന്നെങ്കിലും അവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഇവരെയാണ് വിദ്യാസമ്പന്നരായ ആളുകളെ പറയുന്നത്' അഫ്രീദി അന്ന് പറഞ്ഞതിങ്ങനെ.
പാകിസ്താനി ഓള് റൌണ്ടറുടെ കളി ശൈലിയുമായി ബന്ധപ്പെട്ട് ആരാധകര്‍ വിളിച്ചിരുന്ന 'ബൂം ബൂം' എന്ന പേരും അഫ്രീദി വേദിയിലെത്തിയപ്പോള്‍ മലയാളികള്‍ ഓര്‍മ്മിപ്പിച്ചു.
ദൃശ്യങ്ങള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് ഈ സ്വീകരണത്തിനെതിരെ വലിയ രീതിയുള്ള .രോഷവും അമര്‍ഷവുമാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. സംഭവം വിവാദമായതോടെ അഫ്രീദി ക്ഷണിക്കാതെ തന്നെ വേദിയിലേക്ക് വന്നതാണെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. അതേസമയം പാക്കിസ്താന് ക്രിക്കറ്ററെ പങ്കെടുപ്പിച്ച പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന് ചിലര്‍ പരാതികള്‍ അയച്ചതായും അവരുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയെ വേദിയില്‍ സ്വീകരിച്ച് ദുബായിലെ മലയാളി സംഘടന; ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം
