മലയാളി സജി വലാശേരിയുടെ നീന്തൽ ക്ലബിനെയും ആസ്ട്രോ കേരളയെയും മൻ കി ബാത്തിൽ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മലയാളി സജി വലാശേരിയുടെ നീന്തൽ ക്ലബിനെയും ആസ്ട്രോ കേരളയെയും മൻ കി ബാത്തിൽ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ മലയാളിയുടെ നീന്തൽ ക്ലബിനെയും ആസ്ട്രോ കേരളയെയും പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം ആലുവയിലെ സജി വലാശേരിൽ നടത്തുന്ന നീന്തൽ ക്ലബിനെയാണ് പ്രധാനമന്ത്രി പരാമർശിച്ചത്. ഭിന്നശേഷിക്കാരായവർ ഉൾപ്പടെ 15,000ത്തിലധികം ആളുകൾ അവിടെ നീന്തൽ പഠിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ദേശീയ റെക്കോർഡുകൾ തകർത്ത സ്പ്രിൻ്റർമാരായ ഗുരീന്ദർവീർ സിങും അനിമേഷ് കുജുരുമായി നടത്തിയ സംഭാഷണത്തോടെയാണ് പ്രധാനമന്ത്രി ഇത്തവണ മൻ കി ബാത്ത് നടത്തിയത്. 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിരവധി വിദ്യാർഥികൾ മരിച്ച ഒരു ബോട്ട് ദുരന്തത്തിന് ശേഷമാണ് സജി ഈ സംരംഭം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. "ആ അപകടം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ ഒരു പക്ഷേ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു എന്ന് അദ്ദേഹം കരുതി, അവിടെ നിന്നാണ് നീന്തൽ ക്ലബ് തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്" മോദി പറഞ്ഞു.

"സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർഥമായ ഒരു സംരംഭമാണ്. ഇവിടെ ഫീസില്ല, വലിയ കെട്ടിടങ്ങൾ ഇല്ല, കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്നു. സജി വലാശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങളുടെ ആവശ്യമില്ല, വേണ്ടത് നല്ല ഉദ്ദേശ്യവും പരിശ്രമവും മാത്രം. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റാൻ കഴിയും" അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ "ആസ്ട്രോ കേരള" എന്ന വാന നിരീക്ഷണ കൂട്ടായ്‌മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "രാത്രിയിൽ നക്ഷത്രങ്ങളെ നോക്കുന്നത് തന്നെ ഒരു ആവേശകരമായ അനുഭവമാണ്. ആസ്ട്രോ കേരള എന്ന സംഘടന രാത്രി നിരീക്ഷണ ക്യാമ്പുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നു. ഇവിടെ യുവാക്കൾ ദൂരദർശിനികൾ നിർമിക്കാനും നക്ഷത്ര ഭൂപടങ്ങൾ ഉപയോഗിക്കാനും പഠിക്കുന്നു" അദ്ദേഹം പറഞ്ഞു.