ന്യൂഡൽഹി: ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ പരിചരിച്ച മലയാളി നഴ്സിനെ കുറിച്ച് ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്ലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയോടെ കഴിഞ്ഞ രാത്രി ആശുപത്രിയിൽ അമ്മയുടെ മുറിയിൽ തന്നെ ചെറിയ സോഫയിൽ ഉറങ്ങിയിരുന്നുവെന്ന് രാഹുൽ ഗാന്ധി കുറിച്ചു. ആ സമയത്ത് ഓരോ മണിക്കൂറിലും എത്തി അമ്മയെ പരിശോധിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത കേരളത്തിലെ നഴ്സിന്റെ സേവനമാണ് തന്നെ ഏറ്റവും ആശ്വസിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിയിലുള്ള പലരെയും കേരളത്തിലെ നഴ്സുമാർ ഇത്തരത്തിൽ ആശ്വസിപ്പിക്കുന്നുണ്ടാകുമെന്ന് താൻ ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു.
രാത്രി മുഴുവൻ ജോലി ചെയ്യുന്നുവെന്ന് നഴ്സ് പറഞ്ഞതായും, ലോകം ഉറങ്ങുമ്പോഴും കേരളത്തിലെ സ്ത്രീകൾ രാജ്യത്തുടനീളം മാത്രമല്ല ലോകമെമ്പാടും സേവനം നടത്തുകയാണെന്നും രാഹുൽ ഗാന്ധി കുറിച്ചു.
ഇതുതന്നെയാണ് കേരളത്തിന്റെ ആത്മാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അമ്മയെ പരിചരിച്ച മലയാളി നഴ്സ്'; ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി
