മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. സ്‌ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു.
ഇവര്‍ ഒരേ സൂചി ഉപയോഗിച്ച് ലഹരി പങ്കിട്ടതായും സൂചികള്‍ വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തി. എച്ച്‌ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ ഇത്തരത്തില്‍ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെച്ചു; മലപ്പുറം വളാഞ്ചേരിയില്‍ 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു
