കൊച്ചിയിൽ മോഡലിങ് അവസരം വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മോഡലിങ് രംഗത്ത് അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോയ ശേഷം പലർക്കായി കാഴ്ചവെച്ചുവെന്നാണ് പരാതി. സംഭവത്തിന് പിന്നിൽ വലിയ സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ദുബായിലെത്തിച്ച ശേഷം യുവതിക്ക് മയക്കുമരുന്ന് നൽകിയതായും തുടർന്ന് നഗ്‌നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് ചൂഷണത്തിന് ഇരയാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലർക്കും കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഇത്തരത്തിൽ നിരവധി പെൺകുട്ടികൾ സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ മൂന്ന് പരാതികളാണ് പൊലീസിന്റെ പരിഗണനയിലുള്ളത്. കൂടുതൽ ആളുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ അലീന മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഒരു ബാറിൽ ഉണ്ടായ സംഘർഷക്കേസിലും അലീന പ്രതിയായിരുന്നു. കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസ് പരിശോധിച്ചുവരികയാണ്.
മോഡലിങ് വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ
