ചോക്ലേറ്റ്, വാനില, സ്‌ട്രോബെറി എന്നീ പതിവ് രുചികൾക്കപ്പുറം, ഏലക്കായുടെയും കുങ്കുമപ്പൂവിന്റെയും പനിനീരിന്റെയും സുഗന്ധം നിറഞ്ഞ ഐസ്‌ക്രീമുകളുമായി അമേരിക്കൻ വിപണിയിലേക്ക് കടന്നുചെന്നപ്പോൾ പലരും അത്ഭുതപ്പെട്ടിരുന്നു. എന്നാൽ ആ വ്യത്യസ്ത രുചികളെയാണ് ഇന്ന് അമേരിക്കൻ ഭക്ഷണലോകം ഏറ്റെടുത്തിരിക്കുന്നത്. ആ വിജയത്തിന് പിന്നിലെ പേര് പൂജ ഭാവിഷി. അവരുടെ 'മലായ്' എന്ന ഐസ്‌ക്രീം ബ്രാൻഡ് ഇന്ന് കോടികളുടെ വിറ്റുവരവുള്ള വലിയ സംരംഭമായി വളർന്നിരിക്കുകയാണ്.
ന്യൂയോർക്ക് നഗരത്തിലെ ചെറിയൊരു അടുക്കളയിൽ ആരംഭിച്ച മലായ് ഇന്ന് ന്യൂയോർക്ക് സിറ്റി,,ഫിലാഡെൽഫിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലായി നാല് പ്രധാന ഔട്ട്‌ലെറ്റുകളുമായി അമേരിക്കയിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഓൺലൈൻ വിപണിയിലും ഹോൾസെയിൽ ശൃംഖലയിലും മലായ് ഇന്ന് ശക്തമായി വളർന്നു കഴിഞ്ഞു.
ഭക്ഷ്യവ്യവസായവുമായി യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് പൂജയുടെ യാത്ര തുടങ്ങുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ അവർ ആദ്യം പ്രവർത്തിച്ചത് സിവിൽ റൈറ്റ്‌സ് മേഖലയിലായിരുന്നു. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ എംബിഎ പഠിക്കുമ്പോഴാണ് ജീവിതം വഴിത്തിരിഞ്ഞത്.
2014ൽ സുഹൃത്തുക്കൾക്കായി തയ്യാറാക്കിയ ഇഞ്ചിയും തക്കോലവും ചേർന്ന ഒരു പ്രത്യേക ഐസ്‌ക്രീമാണ് മലായുടെ തുടക്കമായത്. 'ഇതുപോലൊരു രുചി മുമ്പ് അനുഭവിച്ചിട്ടില്ല' എന്ന സുഹൃത്തുക്കളുടെ പ്രതികരണം പൂജയെ പുതിയൊരു ചിന്തയിലേക്ക് നയിച്ചു. ഇന്ത്യൻ രുചികളെ ആഗോള വിപണിയിലേക്ക് കൊണ്ടുപോകാമെന്ന ആത്മവിശ്വാസം അവിടെ നിന്നാണ് തുടങ്ങിയത്.
2015ൽ ഔദ്യോഗികമായി മലായ് ആരംഭിച്ചെങ്കിലും തുടക്കം അത്ര എളുപ്പമായിരുന്നില്ല. സ്വന്തം വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കി ചെറിയ ഫ്രീസറുകളിൽ സൂക്ഷിച്ച് ന്യൂയോർക്കിലെ തെരുവ് വിപണികളിൽ വിൽക്കുകയായിരുന്നു ആദ്യകാലം. ഓരോ ഉപഭോക്താവിന്റെയും അഭിപ്രായങ്ങൾ ശ്രദ്ധിച്ച് ഫ്‌ളേവറുകൾ മെച്ചപ്പെടുത്തുകയായിരുന്നു പൂജ. പണം കുറവായതിനാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ബിസിനസ് മുന്നോട്ടുകൊണ്ടുപോയത്.
ബ്രൂക്ക്‌ലിനിൽ ആദ്യ സ്ഥിരം സ്റ്റോർ തുടങ്ങാൻ വലിയ കടബാധ്യത ഏറ്റെടുക്കേണ്ടി വന്നെങ്കിലും പൂജ പിൻമാറിയില്ല. പിന്നീട് ഒരു അപ്രതീക്ഷിത സംഭവമാണ് മലായുടെ വളർച്ചയ്ക്ക് വഴിത്തിരിവായത്. ലോകപ്രശസ്തമായ ദി ന്യൂയോർക്ക് ടൈംസിലെ ഒരു ഫുഡ് റൈറ്റർ മലായെക്കുറിച്ച് ലേഖനം എഴുതിയതോടെ ഓൺലൈൻ ഓർഡറുകൾ കുത്തനെ ഉയർന്നു. അതോടെ അമേരിക്കൻ ഭക്ഷണരംഗത്ത് മലായ് ഒരു ശ്രദ്ധേയ ബ്രാൻഡായി മാറുകയായിരുന്നു.
ഇലക്ട്രിക് ചായ്, റോസ് വിത്ത് സിന്നമൺ, കാർഡമം കണ്ടൻസ്ഡ് മിൽക്ക്, സാഫ്രൺ നട്ട്‌മെഗ് തുടങ്ങിയ വ്യത്യസ്ത രുചികളാണ് മലായെ വേറിട്ടതാക്കിയത്. ഇന്ത്യൻ മസാലകളും സുഗന്ധങ്ങളും ചേർന്ന ഈ ഐസ്‌ക്രീമുകൾ അമേരിക്കൻ ഉപഭോക്താക്കൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇന്ന് വർഷത്തിൽ ഏകദേശം 28 ലക്ഷം ഡോളറിന്റെ വിറ്റുവരവാണ് മലായ്ക്കുള്ളത്. കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു പങ്കും ഫിസിക്കൽ സ്റ്റോറുകളിൽ നിന്നാണ് ലഭിക്കുന്നത്. വ്യാപനം ലക്ഷ്യമിട്ട് നിരവധി നിക്ഷേപങ്ങളും സമാഹരിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ നിയന്ത്രണം ഇപ്പോഴും പൂജയുടെ കൈകളിലാണ്.
'ഇന്ത്യൻ രുചികൾ പരീക്ഷണ വസ്തുക്കളല്ല; തലമുറകളായി കോടിക്കണക്കിന് ആളുകൾ സ്‌നേഹിക്കുന്ന രുചികളാണ് അവ' എന്നാണ് പൂജ പറയുന്നത്. സ്വന്തം പാരമ്പര്യത്തെ അഭിമാനത്തോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായതിലാണ് അവരുടെ ഏറ്റവും വലിയ സന്തോഷം.
ഒരു ചെറിയ അടുക്കളയിൽ തുടങ്ങിയ സ്വപ്‌നം ഇന്ന് അമേരിക്കൻ ഐസ്‌ക്രീം വിപണിയിൽ സ്വന്തം സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും പുതുമയുള്ള ആശയങ്ങളും ഉണ്ടെങ്കിൽ ലോകത്തിന്റെ ഏതു കോണിലും വിജയിക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് പൂജ ഭാവിഷിയും മലായും.
ഏലക്കായുടെ മണവുമായി അമേരിക്ക കീഴടക്കിയ ഇന്ത്യൻ പെൺകുട്ടി; 'മലായ്' ഐസ്‌ക്രീമിന്റെ മധുരവിജയം
