വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരമുണ്ടാകാൻ പോകുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കുന്നതിനായി ഇറാൻ പുതുക്കി നൽകിയ സമാധാന നിർദേശങ്ങളിൽ അമേരിക്കയുടെ പ്രഖ്യാപനം ഉടനുണ്ടാകും. സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇറാനുമേലുള്ള എണ്ണ ഉപരോധം അമേരിക്ക നീക്കിയേക്കുമെന്നാണ് സൂചന. യുദ്ധത്തിലെ നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിന്ന് പിന്മാറി സാമ്പത്തിക ഇളവുകൾ നേടാനും ആണവ പദ്ധതി മരവിപ്പിക്കാനും ഇറാനും തയ്യാറായേക്കും.
സമാധാന ചർച്ചകളുടെ ഭാഗമായി പുതുക്കിയ 14 ഇന നിർദ്ദേശങ്ങൾ ഇറാൻ കൈമാറിയതിന് പിന്നാലെയാണ് വിട്ടുവീഴ്ചകൾക്ക് ഇരുരാജ്യങ്ങളും ഒരുങ്ങുന്നതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറുക തുടങ്ങിയ നിർദേശങ്ങളാണ് പുതുതായി നൽകിയതിലുള്ളത്.
അതിനിടെ ഹോർമുസ് നിയന്ത്രിക്കുന്നതിനായി ഇറാൻ രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയുടെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തന സജ്ജമായി. ഇത് ഹോർമുസിൽ ഇറാൻ സ്വാധീനം ശക്തമാക്കാനാണെന്നാണ് വിലയിരുത്തൽ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 1500ൽ അധികം അന്താരാഷ്ട്ര ചരക്ക് കപ്പലുകളാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്.
ഇറാന്റെ നിർദേശങ്ങൾ അമേരിക്ക അംഗീകരിക്കുമോ? പ്രഖ്യാപനത്തിന് കാതോർത്ത് ലോകം
