ന്യൂയോർക്ക്: അമേരിക്കൻ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ സിഇഒ ബ്രയാൻ തോംപ്‌സൺ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ലൂയിജി മാംഗിയോണെക്കെതിരായ വിചാരണയിൽ നിർണായക വഴിത്തിരിവ്. മാംഗിയോണെയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ നോട്ട്ബുക്കും 9 എംഎം തോക്കും തെളിവായി ഉപയോഗിക്കാമെന്ന് ന്യൂയോർക്ക് കോടതി ഉത്തരവിട്ടു. അതേസമയം, അറസ്റ്റ് സമയത്ത് പിടിച്ചെടുത്ത ചില വസ്തുക്കൾ തെളിവായി ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മാൻഹട്ടൻ സ്റ്റേറ്റ് കോടതിയിലെ ജഡ്ജി ഗ്രിഗറി കാരോയാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. പെൻസിൽവേനിയയിലെ ഒരു മക്‌ഡൊണാൾഡ്‌സിൽ വെച്ചാണ് മാംഗിയോണെയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് ബാഗ് പരിശോധിച്ച നടപടിയിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ മാഗസിൻ, മൊബൈൽ ഫോൺ, പാസ്‌പോർട്ട്, വാലറ്റ്, കമ്പ്യൂട്ടർ ചിപ്പ് എന്നിവ തെളിവായി സ്വീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു.
എന്നാൽ പിന്നീട് പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധന നിയമാനുസൃതമായിരുന്നുവെന്ന് ജഡ്ജി വ്യക്തമാക്കി. ഈ പരിശോധനയ്ക്കിടെയാണ് നോട്ട്ബുക്കും തോക്കും കണ്ടെത്തിയത്. നോട്ട്ബുക്ക് പൊലീസ് രേഖപ്പെടുത്തുകയും ഫോട്ടോ എടുക്കുകയും ചെയ്ത നടപടി നിയമപരമായ ഇൻവെന്ററി പരിശോധനയുടെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
അറസ്റ്റിന് പിന്നാലെ മിറാണ്ട മുന്നറിയിപ്പ് നൽകുന്നതിന് മുൻപ് മാംഗിയോണെ പൊലീസിനോട് നടത്തിയ ചില പരാമർശങ്ങളും വിചാരണയിൽ ഉപയോഗിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സ്വന്തം തിരിച്ചറിയലിനെയും തിരിച്ചറിയൽ രേഖകളെയും കുറിച്ചുള്ള മറുപടികളാണ് ഇതിൽപ്പെടുന്നത്.
നേവി ബ്ലേസറും ഷർട്ടും ധരിച്ചാണ് മാംഗിയോണെ കോടതിയിൽ ഹാജരായത്. വിധി പ്രസ്താവിച്ചപ്പോൾ കോടതിമുറിയിലുണ്ടായിരുന്ന അനുയായികൾ അതിശയത്തോടെ പ്രതികരിച്ചു. പ്രതിഭാഗം അഭിഭാഷകർ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും വിചാരണയ്ക്ക് തയ്യാറാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സംസ്ഥാനതല വിചാരണ സെപ്തംബർ 8ന് ആരംഭിക്കും.
2024 ഡിസംബർ 4ന് മാൻഹട്ടനിൽ വച്ച് ബ്രയൻ തോംപ്‌സണിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. സംഭവം രാജ്യവ്യാപക തിരച്ചിലിന് വഴിവച്ചിരുന്നു. പിന്നീട് പെൻസിൽവേനിയയിലെ മക്‌ഡൊണാൾഡ്‌സിൽ നിന്നാണ് മാംഗിയോണെ പിടിയിലായത്. സംസ്ഥാനഫെഡറൽ കേസുകളിൽ അദ്ദേഹം കുറ്റം നിഷേധിച്ചിട്ടുണ്ട്.
ഫെഡറൽ കോടതിയും നേരത്തെ ബാഗിൽ നിന്നുള്ള തെളിവുകൾ സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. ഈ വർഷം അവസാനം ഫെഡറൽ വിചാരണയും നടക്കും. കേസിൽ നോട്ട്ബുക്ക് നിർണായക തെളിവാകുമെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യവും പദ്ധതിയും വ്യക്തമാക്കുന്ന കുറിപ്പുകൾ അതിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബാഗിൽ നിന്ന് കണ്ടെത്തിയ 9 എംഎം തോക്കിൽ 3ഡി പ്രിന്റ് ചെയ്ത ഘടകങ്ങളും ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
യുഎച്ച്‌സി സിഇഒ വധക്കേസ്: ലൂയിജി മാംഗിയോണെയുടെ നോട്ട്ബുക്കും തോക്കും തെളിവായി സ്വീകരിക്കും
