മാലെ: മാലിദ്വീപിലെ ആഴക്കടൽ ഗുഹയിൽ കാണാതായ നാല് ഇറ്റാലിയൻ സ്‌കൂബ ഡൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച വാരു അറ്റോൾ കടൽഗുഹകളിൽ നടത്തിയ ഡൈവിങ് ദൗത്യത്തിനിടെയായിരുന്നു അപകടം. അഞ്ച് ഇറ്റാലിയൻ പൗരന്മാർ മരിച്ചതോടെ രാജ്യാന്തര തലത്തിൽ വൻ രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്.
അപകടം നടന്ന ദിവസം തന്നെ ഡൈവിങ് പരിശീലകനായ ജിയാൻലൂക ബെനഡിറ്റിയുടെ മൃതദേഹം ഗുഹയുടെ പ്രവേശന ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കാണാതായ മറ്റ് നാലുപേരെ കണ്ടെത്താൻ മാലിദ്വീപ് കോസ്റ്റ് ഗാർഡും രാജ്യാന്തര വിദഗ്ധ ഡൈവർ സംഘങ്ങളും ചേർന്ന് തിരച്ചിൽ നടത്തി.
മരിച്ചവരിൽ മോനിക്ക മോണ്ടിഫാൽക്കൺ, അവരുടെ മകൾ ജോർജിയ സൊമാകൽ, സമുദ്ര ജീവശാസ്ത്രജ്ഞനായ ഫെഡറിക്കോ ഗുവാൽതീരി, ഗവേഷകയായ മുരിയേൽ ഓഡനിനോ എന്നിവരാണ് ഉൾപ്പെടുന്നത്. സംഘത്തിലെ മറ്റൊരാൾ അവസാന നിമിഷം ഡൈവിൽ പങ്കെടുക്കാതിരുന്നതിനാൽ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.
പ്രകാരം, ഗുഹയുടെ ഏറ്റവും ആഴമുള്ള ഭാഗത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് മാലിദ്വീപ് സർക്കാരിന്റെ വക്താവായ മുഹമ്മദ് ഹുസൈൻ ഷെരീഫ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ മാലിദ്വീപ് ദേശീയ പ്രതിരോധ സേനയിലെ മുതിർന്ന ഡൈവറായ മുഹമ്മദ് മഹുദീക്കും ജീവൻ നഷ്ടമായി. 43കാരനായ മഹുദി ശനിയാഴ്ച നടത്തിയ രണ്ടാമത്തെ രക്ഷാദൗത്യത്തിനിടെയാണ് മരിച്ചത്. ഏകദേശം 70 മീറ്റർ ആഴവും 200 മീറ്റർ നീളവുമുള്ള അത്യന്തം അപകടകരമായ ഗുഹയിലാണ് തിരച്ചിൽ നടന്നത്. ഡികംപ്രഷൻ സിക്ക്‌നസ് എന്നറിയപ്പെടുന്ന മർദ്ദ വ്യതിയാന പ്രശ്‌നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരച്ചിലിനായിഡൈവേഴ്‌സ് അലേർട്ട് നെറ്റ്വർക് (ഡാൻ) സംഘത്തിലെ ഫിൻലൻഡ് സ്വദേശികളായ വിദഗ്ധ ഡൈവർമാരും രംഗത്തെത്തി. പ്രത്യേക ഗ്യാസ് ടാങ്കുകളും അണ്ടർവാട്ടർ സ്‌കൂട്ടറുകളും ഉപയോഗിച്ചായിരുന്നു ദൗത്യം. ശക്തമായ അടിക്കടൽ പ്രവാഹം, ഇടുങ്ങിയ വഴികൾ, പൂർണമായ ഇരുട്ട് എന്നിവ രക്ഷാപ്രവർത്തനത്തെ അതീവ ദുഷ്‌കരമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.
മാലിദ്വീപ് അധികൃതർ പറയുന്നതനുസരിച്ച്, വിനോദസഞ്ചാര ഡൈവിങിനായി അനുവദിച്ചിരിക്കുന്ന പരമാവധി ആഴം 30 മീറ്ററാണ്. എന്നാൽ അപകടം നടന്ന ഗുഹയുടെ പ്രവേശന ഭാഗം പോലും ഏകദേശം 50 മീറ്റർ ആഴത്തിലായതിനാൽ നിയമലംഘനം നടന്നിട്ടണ്ടോയെന്ന കാര്യവും അന്വേഷണവിധേയമാണ്. സംഭവത്തിൽ ഉപയോഗിച്ച ബോട്ടിന്റെ ലൈസൻസും താത്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഇറ്റാലിയൻ ടൂർ ഓപ്പറേറ്ററായ ആൽബട്രോസ് ടോപ് ബോട്ടിന് ആഴക്കടൽ ഡൈവിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിശദീകരണം. പ്രൊഫഷണൽ ഗുഹാ ഡൈവിങിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ സംഘത്തിനില്ലായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പരോഗമിക്കുകയാണ്. അപകടത്തിന് കാരണം ശക്തമായ പ്രവാഹമോ ഗുഹയ്ക്കുള്ളിലെ മണ്ണുമാലിന്യങ്ങളോ ആയിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ആഴക്കടലിലെ അമിത സമ്മർദ്ദം മൂലമുണ്ടാകുന്ന നാർക്കോസിസ് പോലുള്ള അവസ്ഥകളും അപകടത്തിന് വഴിവെച്ചിരിക്കാമെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മറ്റരെല്ലായ്ക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും അനശോചനം അറിയിച്ചു. തലസ്ഥാനമായ മാലെയിൽ പൂർണ സൈനിക ബഹുമതികളോടെയാണ് മഹുദിയുടെ സംസ്‌കാരം നടത്തിയത്. ആയിരക്കണക്കിന് ആളുകൾ അന്തിമാഞ്ജലിക്ക് പങ്കെടുത്തു.
മാലിദ്വീപ് കടൽഗുഹ ദുരന്തം: കാണാതായ നാല് ഇറ്റാലിയൻ ഡൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവർത്തനത്തിനിടെ സൈനിക ഡൈവർക്കും ദാരുണാന്ത്യം
