നരേന്ദ്രമോഡി മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് എന്തുകൊണ്ടെന്ന് നോർവീജിയൻ മാധ്യമപ്രവർത്തക; മറുപടിയുമായി വിദേശ കാര്യമന്ത്രാലയം

നരേന്ദ്രമോഡി മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തത് എന്തുകൊണ്ടെന്ന് നോർവീജിയൻ മാധ്യമപ്രവർത്തക; മറുപടിയുമായി വിദേശ കാര്യമന്ത്രാലയം


ഓസ്ലോ:   പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോർവേ സന്ദർശനത്തിനിടെ ഓസ്‌ലോ യിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നോർവീജിയൻ മാധ്യമപ്രവർത്തകയും തമ്മിൽ കടുത്ത വാക്കേറ്റം. 'ഇന്ത്യയെ എന്തുകൊണ്ട് വിശ്വസിക്കണം' എന്നും 'പ്രധാനമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി പറയാത്തത് എന്തുകൊണ്ടാണ്' എന്നും നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെലി ലിംജ്  ചോദിച്ചതോടെയാണ് നാടകീയ സംഭവവികാസങ്ങൾ. 

ചോദ്യത്തിന് മറുപടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പാശ്ചാത്യകാര്യ സെക്രട്ടറി സിബി ജോർജ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തമായി പ്രതിരോധിച്ചു. ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും അടിസ്ഥാന അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്നും അവകാശലംഘനങ്ങൾക്കെതിരെ നിയമപരമായ പരിഹാര മാർഗങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച 1947ൽ തന്നെ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണ് ഇന്ത്യയെന്ന് സിബി ജോർജ് ചൂണ്ടിക്കാട്ടി. നിരവധി രാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കാൻ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സർക്കാരിനെ തിരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ മാറ്റാനും ഉള്ള ജനങ്ങളുടെ അവകാശമാണ് മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം' എന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ ഇടയ്ക്കിടെ തടസ്സപ്പെടുത്തരുതെന്ന് സിബി ജോർജ് ആവശ്യപ്പെട്ടു. 'ചോദ്യം ചോദിച്ചത് നിങ്ങളാണ്. അതിന് മറുപടി പറയാൻ എനിക്ക് അവസരം തരൂ. ഇത് എന്റെ വാർത്താസമ്മേളനമാണ്,' എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും വൈവിധ്യവും സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും ഉൾപ്പെടെ നിരവധി ഭാഷകളിലായി 200ലേറെ ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയുടെ വ്യാപ്തിയും വൈവിധ്യവും പലർക്കും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമഭരണം കർശനമായി പാലിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് വിശ്വാസ്യതയുള്ള പ്രതിച്ഛായയാണുള്ളതെന്നും സിബി ജോർജ് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ വിവിധ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ സഹായങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗണിതശാസ്ത്രം മുതൽ യോഗവരെ ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു. 'സീറോ എന്ന ആശയം ഇന്ത്യയിൽ നിന്നാണ് ഉദ്ഭവിച്ചത്. ചെസ് കളിയുടെ പിറവിയും ഇന്ത്യയിലാണ്. ഇന്ന് ലോകം ആരാധിക്കുന്ന യോഗയുടെ ജന്മഭൂമിയും ഇന്ത്യ തന്നെയാണ്,' എന്നും അദ്ദേഹം പറഞ്ഞു.