ഹവാന: അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും കടുത്ത സംഘർഷാവസ്ഥ. ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്ക് പിന്നാലെ, ആക്രമണം ഉണ്ടായാൽ അതിന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ക്യൂബൻ നേതൃത്വം മുന്നറിയിപ്പ് നൽകി.
ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയസ് കാനൽ ആണ്് അമേരിക്കൻ സൈനിക നടപടി 'അളക്കാനാവാത്ത പ്രത്യാഘാതങ്ങളുള്ള രക്തച്ചൊരിച്ചിലിലേക്ക്' നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്യൂബ ഒരു രാജ്യത്തിനും ഭീഷണിയല്ലെന്നും എന്നാൽ ആക്രമണം ഉണ്ടായാൽ രാജ്യത്തിന് സ്വയം പ്രതിരോധിക്കാനുള്ള പൂർണ അവകാശം നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലും ഇറാനിലും നിന്ന് 300ലേറെ സൈനിക ഡ്രോണുകൾ ക്യൂബ സ്വന്തമാക്കിയെന്ന ആരോപണം അമേരിക്കൻ മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. അമേരിക്കൻ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം പരിഗണിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഡ്രോൺ ആരോപണങ്ങൾ ക്യൂബ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്തിനെതിരെ അധിനിവേശ ശ്രമമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ക്യൂബയുടെ സ്ഥാനപതി,ഏണസ്‌റ്റോ സോബറോൺ ഗുസ്മാൻ വ്യക്തമാക്കി. 'ആരെങ്കിലും ക്യൂബയെ ആക്രമിക്കാൻ ശ്രമിച്ചാൽ രാജ്യം ശക്തമായി പോരാടും' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ ക്യൂബയ്‌ക്കെതിരായ സമ്മർദ്ദം അമേരിക്ക കൂടുതൽ ശക്തമാക്കി. ക്യൂബയുടെ ഇന്റലിജൻസ് ഏജൻസിക്കെതിരെയും ഒൻപത് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും അമേരിക്കൻ ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിമാരും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളും ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സമീപ മാസങ്ങളിലായി എണ്ണ കയറ്റുമതി നിയന്ത്രണങ്ങൾ, അധിക സാമ്പത്തിക നിയന്ത്രണങ്ങൾ, വ്യാപാര സമ്മർദ്ദങ്ങൾ എന്നിവയിലൂടെ അമേരിക്ക ക്യൂബയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ ഊർജ-മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമായിട്ടുണ്ട്.
സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ ക്യൂബയെ അസ്ഥിരപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഹവാന ആരോപിച്ചു. പുതിയ ഉപരോധങ്ങളും ഡ്രോൺ ആരോപണങ്ങളും പുറത്തുവന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
അമേരിക്ക-ക്യൂബ ബന്ധത്തിൽ വീണ്ടും കടുത്ത സംഘർഷം; ആക്രമിച്ചാൽ 'രക്തച്ചൊരിച്ചിൽ' ഉണ്ടാകുമെന്ന് ക്യൂബയുടെ മുന്നറിയിപ്പ്
