മഞ്ചേശ്വരത്ത് യുവാവ് മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ബന്ധുവിനെയും കൊല്ലാന്‍ ശ്രമിച്ചു

മഞ്ചേശ്വരത്ത് യുവാവ് മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ബന്ധുവിനെയും കൊല്ലാന്‍ ശ്രമിച്ചു


കാസര്‍കോട് : മഞ്ചേശ്വരത്ത് യുവാവ് മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി അതിദാരുണമായി കൊന്നു. മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയനിലയില്‍ കണ്ടെത്തി. വോര്‍ക്കാടിയിലെ പരേതനായ ലൂയി മൊന്തേരയുടെ ഭാര്യ ഹില്‍ഡ മൊന്തേരയാണ് (60) കൊല്ലപ്പെട്ടത്. മകന്‍ മെല്‍വിന്‍ മൊന്തേരയാണ് കൊടും ക്രൂരകൃത്യം ചെയ്തത്.

മാതാവിനെ കൊലപ്പെടുത്തിയതിനുശേഷം ബന്ധുവായ യുവതിയെ വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധു വിക്ടറിന്റെ ഭാര്യ ലളിതയാണ് (30) ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. സംഭവത്തിനുശേഷം പ്രതി മെല്‍വിന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചിലാരംഭിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നാട്ടുകാരറിഞ്ഞത്. നിര്‍മാണത്തൊഴിലാളി മെല്‍വിനും മാതാവ് ഹില്‍ഡയും മാത്രമാണ് വീട്ടില്‍ താമസം. മറ്റൊരു മകന്‍ ആല്‍വിന്‍ മൊന്തേര വിദേശത്താണ്. ബുധനാഴ്ച രാത്രി കിടന്നതായിരുന്നു മാതാവ് ഹില്‍ഡ. ഇതിനിടെ യുവാവ് മാതാവിനെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ അമ്മക്ക് സുഖമില്ലെന്നുപറഞ്ഞാണ് ബന്ധു ലളിതയെ മെല്‍വിന്‍ വീട്ടിലേക്ക് വരുത്തിയത്. വീടിനകത്ത് കയറിയ ഉടന്‍ ലളിതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം കടന്നുകളയുകയായിരുന്നു. ലളിതയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. യുവാവ് ബസില്‍ കയറി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.