മലപ്പുറം: മലപ്പുറത്ത് ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്.
ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.
ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ച മരിച്ചു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട മണിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറത്ത് ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി