ഹൂസ്റ്റണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസിലെ പോലീസ് സേനാംഗമായ മലയാളിക്ക് ചരിത്രനേട്ടം. ഹൂസ്റ്റണ്‍ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടിയിലെ പൊലീസ് ഓഫിസറായി ചുമതലയേറ്റ എറണാകുളം തിരുവാണിയൂര്‍ സ്വദേശി മനോജ് പൂപ്പാറ അതേ കൗണ്ടിയില്‍ പ്രിസിങ്ക്റ്റ് 3ല്‍ പോലീസ് ക്യാപ്റ്റന്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന ഖ്യാതി നേടിയിരിക്കുകയാണ്.
ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള സ്വപ്‌നങ്ങളുമായി 2005ലാണ് മനോജ് അമേരിക്കയിലേക്ക് കുടിയേറിയത്. ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായാണ് മനോജ് അമേരിക്കയില്‍ ആദ്യ ജോലിയില്‍ പ്രവേശിച്ചത്. പോലീസ് സേനയില്‍ ചേരുക എന്നതായിരുന്നു മനോജിന്റെ സ്വപ്നം.
ജോലിക്കൊപ്പം പഠനവും നടത്തിയ മനോജ് അരിസോനയിലെ ഫീനിക്‌സ് സര്‍വകലാശാലയില്‍ എംബിഎ പൂര്‍ത്തിയാക്കി. ഗ്യാസ് സ്റ്റേഷനിലെ ജോലിക്കിടെ പൊലീസില്‍ ചേരുക എന്ന സ്വപ്‌നം വീണ്ടും മനസ്സില്‍ മുളപൊട്ടി. പൊലീസ് യോഗ്യതാ കോഴ്സ് പാസായിയതോടെ ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റി-ഡൗണ്‍ടൗണ്‍ പൊലീസ് അക്കാദമിയില്‍ ചേര്‍ന്നു.
പൊലീസ് അക്കാദമിയില്‍ നിന്ന് അക്കാദമിക് ഓണേഴ്സോടെ ബിരുദം നേടി. 2013 മുതല്‍ 2018 വരെ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസില്‍ ജോലി ചെയ്ത മനോജ് മെട്രോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലുള്ള പ്രാവീണ്യം ആളുകളുമായി എളുപ്പത്തില്‍ ഇടപഴകുന്നതിനും അവരുമായി അടുപ്പം സ്ഥാപിക്കുന്നതിനും മനോജിന് സഹായകമായി. 2023ല്‍ അക്രമിയില്‍ നിന്ന് സഹപ്രവര്‍ത്തകനെ രക്ഷിച്ചതിന് മെട്രോ പൊലീസ് മേധാവി ധീരതയ്ക്കുള്ള മെഡല്‍ നല്‍കി ആദരിച്ചു. മാരകമായ പോരാട്ടത്തില്‍ പരുക്കേറ്റെങ്കിലും, ധീരനായ മനോജ് കുറ്റവാളിയെ കീഴടക്കി. സംഭവത്തിനിടെ, പ്രതിക്ക് നേരെ മനോജ് രണ്ട് തവണ വെടിയുതിര്‍ത്തു. എങ്കിലും ഗുരുതരമായ പരുക്കില്ലാതെ പ്രതിയെ പിടികൂടുന്നതിന് പൊലീസിന് സാധിച്ചു.
മെട്രോ റെക്കഗ്‌നിഷന്‍ അവാര്‍ഡിന് പുറമേ, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ്, ചേംബര്‍ ഓഫ് കൊമേഴ്സ് അവാര്‍ഡ്, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ബഹുമതികള്‍ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025 ജനുവരി 1 മുതല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി, പ്രിസിങ്ക്റ്റ് 3 ന്റെ ക്യാപ്റ്റനായി മനോജ് നിയമതിനായി. എറണാകുളം തിരുവാണിയൂര്‍ കുന്നത്തുനാട് പൂപ്പാറയില്‍ റിട്ടേഡ് പൊലീസ് ഓഫിസര്‍ പി.ഐ.രാഘവന്റെയും ലീല രാഘവന്റെയും പുത്രനാണ്. ഭാര്യ ഹണി. ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്സറ്റിയില്‍ ബയോളജിയില്‍ ബിരുദ വിദ്യാര്‍ഥിയായ മാധവനാണ് മകന്‍.
ഗ്യാസ് സ്റ്റേഷന്‍ ജോലിക്കാരനില്‍ നിന്ന് പോലീസ് ക്യാപ്റ്റന്‍ പദവിയിലേയ്ക്ക്; ഹൂസ്റ്റണില്‍ ചരിത്രനേട്ടവുമായി മലയാളി