ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്ആര്‍ഒയുടെ തലപ്പത്ത് വീണ്ടും മലയാളി സ്പര്‍ശം. മലയാളിയായ ഡോ. വി നാരായണനെ അടുത്ത ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലെ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന്റെ കലാവധി കഴിയുന്നതിനാലാണ് പകരക്കാരനായി ഡോ. വി നാരായണനെ നിയമിക്കുന്നത്.
കന്യാകുമാരി സ്വദേശിയായ ഡോ. വി.നാരായണന്‍ നിലവില്‍ തിരുവനന്തപുരം എല്‍ പി എസ് സി മേധാവിയാണ്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.
എസ് സോമനാഥിന് കേന്ദ്രം കാലാവധി നീട്ടി നല്‍കിയിരുന്നില്ല. നാളെ നടക്കുന്ന സ്‌പെഡ്ക്‌സ് പരീക്ഷണമായിരിക്കും ചെയര്‍മാന്‍എന്ന നിലയില്‍ സോമനാഥ് പങ്കെടുക്കുന്ന അവസാന ഔദ്യോഗിക പരിപാടി. ഡോ. വി നാരായണന്‍ ജനുവരി 14 നാകും ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുക.
വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി നാരായണന്‍ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖര്‍ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ രാജ്യത്തോട് നന്ദി പറയുന്നു. ഐഎസ്ആര്‍ഒ നിരവധി പദ്ധതികള്‍ ഏറ്റെടുതത് സമയത്തതാണ് പുതിയ ചുമതലയിലേക്ക് വരുന്നത്. അവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബാംഗ്ലൂരില്‍ ഒരു യൂണിറ്റും ഉള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (I-S-R-O) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (LPSC) ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഡോ. വി നാരായണന്‍. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984-ല്‍ ആണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്.
എല്‍ പി എസ് സി കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളും ചുമതലകളും നിര്‍വ്വഹിച്ചു. പ്രാരംഭ ഘട്ടത്തില്‍, 4 & 1/2 വര്‍ഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എഎസ്എല്‍വി), പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) എന്നിവയുടെ സോളിഡ് പ്രൊപ്പല്‍ഷന്‍ ഏരിയയിലും പ്രവര്‍ത്തിച്ചു. അബ്ലേറ്റീവ് നോസല്‍ സിസ്റ്റങ്ങള്‍, കോമ്പോസിറ്റ് മോട്ടോര്‍ കേസുകള്‍, കോമ്പോസിറ്റ് ഇഗ്‌നൈറ്റര്‍ കേസുകള്‍ എന്നിവയുടെ പ്രോസസ് പ്ലാനിംഗ്, പ്രോസസ് കണ്‍ട്രോള്‍, റിയലൈസേഷന്‍ എന്നിവയില്‍ സംഭാവന നല്‍കി.
ഡോ. വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ അടുത്ത ചെയര്‍മാന്‍; മലയാളി സ്പര്‍ശം തുടരും