ട്രംപിന്റെ സ്ഥാനാരോഹണത്തിന് എത്തുന്ന നേതാക്കള്‍ ആരൊക്കെയായിരിക്കും? മോഡിയെ ക്ഷണിച്ചതായി ഇതുവരെ സ്ഥിരീകരിച്ചില്ല

ട്രംപിന്റെ സ്ഥാനാരോഹണത്തിന് എത്തുന്ന നേതാക്കള്‍ ആരൊക്കെയായിരിക്കും? മോഡിയെ ക്ഷണിച്ചതായി ഇതുവരെ സ്ഥിരീകരിച്ചില്ല


വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് നേതാക്കള്‍ എത്തുക എന്ന കാര്യത്തില്‍ വ്യക്തമായ ചിത്രം പുറത്തുവന്നിട്ടില്ല. ജനുവരി 20-ന് വാഷിംഗ്ടണ്‍ ഡിസിയിലെ യു എസ് ക്യാപിറ്റോളില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങുകള്‍ നടക്കുക. 

അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി ലോക നേതാക്കള്‍ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങള്‍ ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകനേതാക്കളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ജനുവരി 20ന് നടക്കുന്ന ചടങ്ങില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി അഞ്ചിന് അവര്‍ ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിപാടിയിലേക്കുള്ള ഔദ്യോഗിക ക്ഷണം മെലോണിക്ക് ലഭിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബറിലെ വിജയത്തില്‍ ട്രംപിന് അഭിനന്ദനങ്ങള്‍ അറിയിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളാണ് എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ. അദ്ദേഹത്തിനും ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ കഴിഞ്ഞ വര്‍ഷം ബുകെലെയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.

ജനുവരി 20ലെ മെഗാ ഇവന്റില്‍ അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലിയും പങ്കെടുത്തേക്കുമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ പ്രസിഡന്റിന്റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2023-ല്‍ തിരഞ്ഞെടുക്കപ്പെട്ട മിലിയ്ക്ക് റിപ്പബ്ലിക്കന്‍ നേതാവുമായി നല്ല ബന്ധമാണുള്ളത്.

ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിട്ടുണ്ടോ എ്ന്ന കാര്യത്തില്‍ നിലവില്‍ ഇരു ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ വ്യക്തമായാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.