മദ്യവും ഡിജെ പാര്‍ട്ടിയുമില്ലാതെ കല്യാണം നടത്തിയാല്‍ 21,000 രൂപ സമ്മാനം നല്‍കുമെന്ന് പഞ്ചായത്ത്

മദ്യവും ഡിജെ പാര്‍ട്ടിയുമില്ലാതെ കല്യാണം നടത്തിയാല്‍ 21,000 രൂപ സമ്മാനം നല്‍കുമെന്ന് പഞ്ചായത്ത്


ചണ്ഡീഗഢ്: വിവാഹ ചടങ്ങുകള്‍ ആഢംബരം നിറഞ്ഞ ആഘോഷങ്ങളായി മാറുന്നതിനിടയില്‍ ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബിലെ ഒരു ഗ്രാമപ്പഞ്ചായത്.  മദ്യവും ഡിജെ പാര്‍ട്ടിയുമില്ലാതെ നടത്തുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് സമ്മാനം നല്‍കുമെന്നാണ് ബത്തിന്‍ഡ ജില്ലയിലെ ബാലോ ഗ്രാമം പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്യവും ഡിജെ പാര്‍ട്ടിയുമില്ലാത്ത കല്യാണ ആഘോഷങ്ങള്‍ക്ക് 21,000 രൂപ സമ്മാനം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഗ്രാമപഞ്ചായത്ത് പാസാക്കി. 5,000 പേരാണ് ബാലോ ഗ്രാമത്തിലെ ആകെ ജനസംഖ്യ.

ഡിജെ പാര്‍ട്ടിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകള്‍ വെയ്ക്കുന്നത് ശബ്ദമലിനീകരണത്തിനൊപ്പം കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്തിന്റെ നടപടി. കല്യാണത്തിനായുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ഗ്രാമവാസികളെ നിര്‍ബന്ധിക്കുന്നതിനായാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മദ്യപാനം പോലുള്ള സാമൂഹ്യ വിപത്തുകളെ ഒഴിവാക്കിനിര്‍ത്തലും ലക്ഷ്യമാണെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷ അമര്‍ജിത് കൗര്‍ പറഞ്ഞു.