ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 291 ആയി; 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേര്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 291 ആയി;  91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേര്‍


മുണ്ടക്കൈ (വയനാട്) : കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 291  ആയി.  മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി യന്ത്രങ്ങള്‍  മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം അന്തിമഘട്ടത്തിലാണ്. പുതിയ പാലം നിര്‍മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ അവലോകന യോഗവും സര്‍വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉടന്‍ വയനാട്ടിലെത്തും. കനത്ത മഴ കണക്കിലെടുത്ത് വയനാടിനു പുറമേ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.