ലോകത്തെ ആദ്യ സയൻസ് ഫിക്ഷൻ നോവൽ 'സോംനിയം' നൃത്തശില്പമാകുന്നു

ലോകത്തെ ആദ്യ സയൻസ് ഫിക്ഷൻ നോവൽ 'സോംനിയം' നൃത്തശില്പമാകുന്നു


ലോകത്തെ ആദ്യ സയൻസ് ഫിക്ഷൻ നോവലായി പരിഗണിക്കപ്പെടുന്ന ‘സോംനിയം’ നൃത്തശില്പമാകുന്നു. നർത്തകി ഗായത്രി മധുസൂദനാണ് മോഹിനിയാട്ടമായി 'സോംനിയം' വേദിയിൽ ‘നിലാക്കനവ്’ എന്ന പേരിൽ എത്തിക്കുന്നത്. 
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ജോഹൻ കെപ്ലർ തൻറെ നോവലിലൂടെ സ്വപ്നം കണ്ട ചാന്ദ്രയാത്ര യാഥാർത്ഥ്യമായതിന്റെ ആഘോഷമാണ് 'നിലാക്കനവ്'. 
ചലച്ചിത്ര സംവിധായകൻ വിനോദ് മങ്കരയുടെ മേൽനോട്ടത്തിൽ സേതുവും മാനവും ചേർന്നെഴുതി രമേഷ് നാരായണന്റെ സംഗീതത്തിൽ സദനം ജ്യോതിഷ് ബാബുവിന്റെ പാട്ടും പ്രഗത്ഭ സംഗീതജ്ഞരുടെ പിന്നണിയുമായാണ് 'നിലാക്കനവ്' മാർച്ച് ആറിന് തിരുവനന്തപുരത്ത് കോവളം ബീച്ച് റിസോർട്ടിന് തൊട്ടടുത്തുള്ള കേരളാ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ അരങ്ങിലെത്തുക. 
മല്ലികാ സാരാഭായിയുടെ നൃത്തപ്പൊലിമയോടെ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ‘വൗ’ (World of Women) മാർച്ച് 5 ചൊവ്വാഴ്ച്ച തുടക്കമാകുന്നു വനിതാവാരാഘോഷങ്ങളുടെ ഭാഗമായാണ് 'നിലാക്കനവ്' അവതരിപ്പിക്കപ്പെടുക. 
‘പാസ്റ്റ് ഫോർവാഡ്’ എന്ന നൃത്തശില്പമാണ് മല്ലിക സാരാഭായ് അവതരിപ്പിക്കുന്നത്. അവസാനദിനമായ ഞായറാഴ്ച വൈകിട്ട് 7ന് ‘യത്ന’ നൃത്തശില്പവും 7 45ന് ചലച്ചിത്രതാരം റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാൻസ് കമ്പനിയുടെ ‘നെയ്ത്ത്’ നൃത്തശില്പവും അരങ്ങിലെത്തും. ലളിതമായ നൂലിനെ മാന്ത്രികവസ്ത്രമാക്കി മാറ്റുന്ന സർഗ്ഗപ്രക്രിയയായ നെയ്ത്തിന്റെ സൂക്ഷ്മപരിണാമങ്ങൾ മെയ്മൊഴിയിലൂടെ ആവിഷ്ക്കരിക്കുന്ന നൃത്തവിസ്മയമാണ് ‘നെയ്ത്ത്’. 
തുടർന്നു വൈലോപ്പിള്ളീ സംസ്കൃതിഭവൻ ഒരുക്കുന്ന കേരളകവികളുടെ കാവ്യലോകത്തിലൂടെയുള്ള സഞ്ചാരമായ  ‘കാവ്യകൈരളി’യോടെ വൗ വീക്കിനു തിരശീല വീഴുന്ന വനിതാവാരാഘോഷത്തിൻറെ ഭാഗമായി ചിത്ര, അഖില കൂട്ടുകെട്ടിന്റെ മോഹിനിയാട്ടവും ശ്രുതിയുടെ ഭരതനാട്യവും ഷീന കലാമണ്ഡലം അവതരിപ്പിക്കുന്ന നവദുർഗ്ഗ ഭരതനാട്യശില്പവും നിരീക്ഷ സ്ത്രീനാടകവേദിയുടെ ‘അന്തിക’ നാടകവും അവതരിപ്പിക്കപ്പെടും. വയനാട് ട്രൈബൽ മ്യൂസിക് ബാൻഡിന്റെ ആദിവാസി-നാടൻ സംഗീതവിരുന്നും രാജലക്ഷ്മി നയിക്കുന്ന മ്യൂസിക് ബാൻഡും റാസയും ബീഗവും ഒരുക്കുന്ന ഗസൽ രാവും നടക്കും.
വൗ വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസംരംഭകയായ ശാലിനി ബിനുവിന്റെ ഫോട്ടോ പ്രദർശനവും ഈ ദിവസങ്ങളിൽ കാണാം. ക്രാഫ്റ്റ് വില്ലേജിന്റെ ഈ വർഷത്തെ അതിഥിരാജ്യമായ യുഗാൻഡയിൽനിന്നും അതിഥിസംസ്ഥാനമായ ഒറീസയിൽനിന്നും ഉള്ള കരകൗശലവിദഗ്ദ്ധരുടെ പ്രദർശനവും ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്നുണ്ട്.