അങ്കാറ: എട്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഐലൈനറിന്റെ അഗ്രമിപ്പോഴും കറുപ്പില്‍ തന്നെയാണ്. തുര്‍ക്കിയിലെ ചരിത്രാതീത നഗരത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ മുതുമുത്തശ്ശിമാരിലാരോ കണ്ണെഴുതാന്‍ ഉപയോഗിച്ചിരുന്ന ഐലൈനര്‍ കണ്ടെത്തിയത്. ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പും മനുഷ്യര്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചിരുന്നെന്ന കണ്ടെത്തല്‍ കൂടിയാണ് നടന്നിരിക്കുന്നത്.
ആളുകള്‍ക്കിടയില്‍ ഇപ്പോഴും പ്രചാരത്തിലുള്ള ഒരുതരം ഐലൈനറായ കോള്‍ സ്റ്റിക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയിലെ പുരാതന വാസസ്ഥലമായ യെസിലോവ ഹൊയുക്കിലാണ് കണ്ടെത്തിയത്.
കോള്‍ സ്റ്റിക്ക് പച്ച സര്‍പ്പ കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ അഗ്രത്തില്‍ കറുത്ത പെയിന്റിന്റെ അടയാളങ്ങളുണ്ട് ഇപ്പോഴും. ഇത് ഉപയോഗിച്ചിട്ട് 8200 വര്‍ഷങ്ങളെങ്കിലുമായിട്ടുണ്ടാകുമെന്നാണ് നിഗമനം.
ഈജിപ്ത്, ലെവന്റ്, സിറിയ, ഇറാന്‍, അനറ്റോലിയ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോള്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു.
8,200 വര്‍ഷം പഴക്കമുള്ള നിയോലിത്തിക്ക് പാളിയിലാണ് കോള്‍ സ്റ്റിക്ക് കണ്ടെത്തിയത്. തുര്‍ക്കി നഗരമായ ഇസ്മിറിലെ പുരാതന സ്ഥലമാണ് യെസിലോവ ഹോയുക്.
ഏകദേശം 10 സെന്റീമീറ്റര്‍ നീളവും ഒരു സെന്റീമീറ്റര്‍ കനവും ഉണ്ട് കോള്‍ സ്റ്റിക്കിന്. പുരാതന കാലത്ത് യെസിലോവ ഹോയൂക്കിലെ ജനങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധ പുരാവസ്തുക്കളില്‍ ഒന്നാണിത്.
വളരെ നന്നായി മിനുസപ്പെടുത്തിയതും മൂര്‍ച്ചയുള്ള പേനയുടെ ആകൃതിയിലുള്ളതുമാണ് ഇതെന്ന് ഗവേഷകര്‍ പറഞ്ഞു. കോള്‍ സ്റ്റിക്ക് കോള്‍ പാത്രത്തില്‍ മുക്കി മേക്കപ്പിനായി ഉപയോഗിച്ചിരിക്കാം.
വിദഗ്ധര്‍ അഗ്രഭാഗത്തെ കറുത്ത പദാര്‍ഥം വിശകലനത്തിനായി അയച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത് മാംഗനീസ് ഓക്‌സൈഡ് ആണെന്ന് വിശ്വസിക്കപ്പെടുന്നു.
അതിന്റെ ഉപയോഗം കേവലം സൗന്ദര്യവര്‍ധകമായിരിക്കണമെന്നില്ല. പുരാതന ഈജിപ്തിലെ പല ലിഖിത ഗ്രന്ഥങ്ങള്‍, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍ എന്നിവയ്ക്കായും ഉപയോഗിച്ചിട്ടുണ്ടായിരിക്കാം. കോള്‍ പ്രധാനമായും സൗന്ദര്യാത്മക പ്രവര്‍ത്തനത്തേക്കാള്‍ നേത്രരോഗങ്ങളുടെ ചികിത്സയ്ക്കാണ് ഉപയോഗിച്ചിരുന്നത്.
കണ്ണുകള്‍ക്ക് ചുറ്റും കട്ടിയായി പുരട്ടുന്നതിലൂടെ സൂര്യന്റെ തെളിച്ചം കുറയ്ക്കാമെന്നും പഴയ കാലത്ത് വിശ്വസിച്ചിട്ടുണ്ടായിരുന്നു.