മന്‍സൂര്‍ അബ്ബാസ് അറബിയാണ്; അഭിമാനിയായ ഇസ്രായേലിയും

മന്‍സൂര്‍ അബ്ബാസ് അറബിയാണ്; അഭിമാനിയായ ഇസ്രായേലിയും

Photo Caption


ടെല്‍ അവീവ്: ഇസ്രായേലി നെസറ്റില്‍ അഞ്ച് സീറ്റുകളുള്ള രാഷ്ട്രീയ പാര്‍ട്ടി യുണൈറ്റഡ് അറബ് ലിസ്റ്റിന്റെ തലവന്‍ മന്‍സൂര്‍ അബ്ബാസ് അറബ് വംശജനാണെങ്കിലും അഭിമാനിയായ ഇസ്രായേലി കൂടിയാണ്. യഹൂദ രാഷ്ട്രമായി പിറന്ന ഇസ്രായേലില്‍ വര്‍ണ്ണവിവേചനമുണ്ടെന്ന കാര്യം സമ്മതിക്കാത്ത 49 കാരനായ മന്‍സൂര്‍ അബ്ബാസ് യഹൂദ രാഷ്ട്രമായിത്തന്നെ ഇസ്രായേല്‍ തുടരുമെന്ന കാര്യത്തില്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. 

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം ഇസ്‌ലാമിനും ദേശീയതയ്ക്കും മാനവികതയ്ക്കും എതിരാണെന്ന് ഉറക്കെ പറയാന്‍ അദ്ദേഹം മടിച്ചു നില്‍ക്കുന്നില്ല. 

ഇസ്രായേലിലെ 1.9 ദശലക്ഷം അറബ് പൗരന്മാര്‍ക്കും മെച്ചപ്പെട്ട ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന മന്‍സൂര്‍ അബ്ബാസിനെ സംബന്ധിച്ചിടത്തോളം  നെഗേവിലെ ബദുവിയന്‍ ഗ്രാമങ്ങള്‍ 'ക്രമീകരിക്കണം' എന്ന മോഹവുമുണ്ട്. അവരുടെ വീടുകള്‍ 'ഇസ്രായേലി തലത്തിലുള്ള' വൈദ്യുതിയും ശുചീകരണവും കൊണ്ട് സജ്ജമാകണം. അറബ് സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പുതിയ മുഖം നല്‍കണമെന്നും അതിനെല്ലാമുപരി കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്ന നടപടികള്‍ക്കും പണം വേണമെന്നും അദ്ദേഹം പറയുന്നു. 

2023ല്‍ ഇസ്രായേലില്‍ നടന്ന 299 തീവ്രവാദേതര കൊലപാതകങ്ങളില്‍ 241 എണ്ണത്തിലും ഇരയും കുറ്റവാളിയും അറബികളായിരുന്നു.

2021 ജൂണില്‍ ഇസ്രയേലി ഭരണസഖ്യത്തില്‍ ചേര്‍ന്ന ആദ്യത്തെ അറബ് വംശജനായാണ് മന്‍സൂര്‍ അബ്ബാസ് ചരിത്രം സൃഷ്ടിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്ന അനിശ്ചിതത്വത്തില്‍ യുണൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണ യാഥാസ്ഥിതിക നഫ്താലി ബെന്നറ്റിനും ലിബറല്‍ യെയര്‍ ലാപിഡിനും സഖ്യം രൂപീകരിക്കാന്‍ പ്രാപ്തമാക്കുകയും അവര്‍ 2022 ഡിസംബര്‍ വരെ ഭരിക്കുകയും ചെയ്തു. 

നെതന്യാഹുവുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് മന്‍സൂര്‍ അബ്ബാസ് നേരത്തെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അറബികളുമായി പങ്കാളിത്തമുണ്ടാക്കുന്നതിന് ബെസലേല്‍ സ്‌മോട്രിച്ചിന്റെ റിലീജിയസ് സയണിസ്റ്റ് പാര്‍ട്ടി വിസമ്മതിക്കുകയായിരുന്നു. ഇറ്റാമര്‍ ബെന്‍-ഗ്വിറും മെസര്‍സ് സ്‌മോട്രിച്ചുമാണ് മന്‍സൂര്‍ അബ്ബാസിനെ ചേര്‍ക്കുന്നതില്‍ വിമുഖത പ്രകടമാക്കിയത്. അവരിരുവരും ഇപ്പോള്‍ ഇസ്രായേലി മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയും ധനമന്ത്രിയുമാണ്. നെതന്യാഹുവിന്റെ വിമര്‍ശകനായ മന്‍സൂര്‍ അബ്ബാസ് രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  

അറബിക് പൗരന്മാരുടെ പ്രതിനിധിയായി താന്‍ ഇസ്രായേലിലെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുകയാമെന്ന് മന്‍സൂര്‍ അബ്ബാസ് തന്റെ നെസെറ്റ് ഓഫീസില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അറബിക് പാലസ്തീനി എന്ന നിലയില്‍ 'ദേശീയ ഐഡന്റിറ്റി'യും ഇസ്രായേലി പൗരന്‍ എന്ന നിലയില്‍ സിവില്‍ ഐഡന്റിറ്റിയും തനിക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സഹ ഇസ്രായേലി അറബികള്‍ അവരുടെ ഇസ്രായേലി പൗരത്വം സജീവമായി നിലനിര്‍ത്തുകയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന്റെ ഭാഗമാകുകയും വേണമെന്നും അല്ലാതെ പ്രതിപക്ഷമാകരുതെന്നും അദ്ദേഹം പറയുന്നു.

ശരീര പ്രകൃതിയില്‍ തടിച്ച രൂപമുള്ള മന്‍സൂര്‍ അബ്ബാസ് മുന്‍ ദന്തഡോക്ടറാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിലെ മിതവാദിയും ജനാധിപത്യവാദിയുമായ അദ്ദേഹം തീവ്രവാദ വിരുദ്ധ സയണിസത്തിന്റെ പാതയിലുള്ള വടക്കന്‍ ശാഖയുടെ ഭാഗവുമാണ്. അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ ശൈഖ് അബ്ദുല്ല നിമര്‍ ഡാര്‍വിഷ് സ്ഥാപിച്ച പ്രസ്ഥാനം 1996ല്‍ രണ്ടായി പിളരുകയും മന്‍സൂര്‍ അബ്ബാസ് 'വടക്കന്‍ ശാഖ'യോടൊപ്പം ചേരുകയുമായിരുന്നു. ഒരിക്കല്‍ ഇസ്രായേലില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ച ഡാര്‍വിഷ് 1980കളുടെ തുടക്കത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടു. 1985-ല്‍ മോചിതനായ ശേഷം തന്റെ രാഷ്ട്രീയത്തെ അഹിംസയുടെ പാതയിലേക്ക് മാറ്റുകയും ഓസ്ലോ ഉടമ്പടിയുടെ സ്വീകരിക്കുകയും ചെയ്തു. 

അനുരഞ്ജനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന മന്‍സൂര്‍ അബ്ബാസിന് ഇരുവശത്തും ശത്രുക്കളെ സൃഷ്ടിക്കാനാണ് സഹായിച്ചത്. പാലസ്തീന്‍ അതോറിറ്റിയുടെ ഭരണകക്ഷിയായ ഫതഹ് വിഭാഗം അദ്ദേഹത്തെ 'സയണിസത്തിന്റെ കൈകളിലേക്ക് സ്വയം വലിച്ചെറിഞ്ഞയാള്‍' എന്നാണ് ആരോപിക്കുന്നത്. നെസെറ്റിനുള്ളില്‍ നിന്ന് ഇസ്രായേലിനെ അട്ടിമറിക്കാനുള്ള ഒരു ഇസ്‌ലാമിക ട്രോജന്‍ കുതിരയായിട്ടാണ് കടുത്ത ജൂത വലതുപക്ഷം അദ്ദേഹത്തെ കാണുന്നത്. 

ഇരുവാദങ്ങളേയും തള്ളിക്കളയുന്ന മന്‍സൂര്‍ അബ്ബാസ് തങ്ങള്‍ ഒരു പ്രാദേശിക പ്രസ്ഥാനമാണെന്നും ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയും ഇസ്രായേല്‍ പൗരന്മാരായി കണക്കാക്കുന്നവരുമാണെന്ന് വിശദമാക്കുന്നു. ഇസ്ലാമിന്റെ നിയമങ്ങളും ഇസ്രായേലിന്റെ നിയമങ്ങളും മതവും രാഷ്ട്രവുമെന്ന നിലയില്‍ കണ്ടു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ പാര്‍ട്ടി ഇസ്രായേലിന്റെ നെസെറ്റിനോട് പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് രണ്ടായിരം ജൂത പൗരന്മാരെങ്കിലും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഒക്ടോബര്‍ ഏഴിന് ഹമാസ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന കാര്യം നിഷേധിച്ച തന്റെ നിയമസഭാംഗങ്ങളില്‍ ഒരാളും നെസെറ്റിലെ ആദ്യ ഹിജാബ് ധരിച്ച വനിതയുമായ ഇമാന്‍ ഖത്തീബ് യാസീനോട് രാജി ആവശ്യപ്പെട്ടിരുന്നു മന്‍സൂര്‍ അബ്ബാസ്. എന്നാല്‍ ഇമാന്‍ ഖത്തീബ് യാസീന്‍ പ്രസ്താവനയില്‍ ക്ഷമ പറഞ്ഞതിനെ തുടര്‍ന്ന് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയായിരുന്നു. 

മന്‍സൂര്‍ അബ്ബാസിന്റെ പിന്തുണക്കാരെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും ധൈര്യശാലിയും പ്രായോഗികവും സ്ഥിരതയുള്ളതുമായ അറബ് രാഷ്ട്രീയക്കാരനാണ് അദ്ദേഹം. നിരവധി ഇസ്രായേലി പ്രധാനമന്ത്രിമാരുടെ പിന്നണി ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു പ്രമുഖ പ്രൊഫസറുടെ അഭിപ്രായത്തില്‍ മന്‍സൂര്‍ അബ്ബാസ് വളരെ യാഥാര്‍ഥ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നുതന്നെയാണെന്നുമാണ്. 

ഗാസയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം മുഖ്യധാര പാശ്ച്യാത്യ രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നത്. യുദ്ധം അവസാനിപ്പിക്കുകയും തടവുകാരുടെ കൈമാറ്റം പൂര്‍ത്തിയാവുകയും തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പാലസ്തീനികള്‍ക്ക് പ്രത്യാശ നല്‍കുകയും ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനും പാലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍ വ്യാപിക്കുന്ന പ്രതിഭാസത്തെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഒരു സ്വതന്ത്ര പരമാധികാര പാലസ്തീന്‍ രാഷ്ട്രത്തിന് 'അന്താരാഷ്ട്ര അംഗീകാരം' ലഭിക്കുകയും സ്ട്രിപ്പിലെ സുരക്ഷ അറബ് രാജ്യങ്ങളെ ഏല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ഇസ്രായേലി അറബികള്‍ അവരുടെ ഭാഗം പറയാന്‍ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണമെന്നും മന്‍സൂര്‍ അബ്ബാസ് പറയുന്നു. ഒക്ടോബര്‍ ഏഴിലെ സംഭവങ്ങളും ചരിത്രപരമായ സംഘട്ടനവും തമ്മില്‍ ബന്ധമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അതിനിടയില്‍ 'പക്ഷെ' എന്ന വാക്ക് പറഞ്ഞാല്‍, അത് ആളുകളെ കൊല്ലുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനുമുള്ള ക്രിമിനല്‍ നടപടികളുടെ ന്യായീകരണമായി മനസ്സിലാക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത് ഒരു തന്ത്രപരമായ നിലപാട് മാത്രമല്ലെന്നും നമ്മള്‍ ഒക്ടോബര്‍ ഏഴിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, 'പക്ഷേ' എന്നത് ഒരു ധാര്‍മ്മിക പദമല്ലെന്നും അദ്ദേഹം വിശദമാക്കുന്നു.