മുംബൈ: യു എസ് മലയാളി സൂരജ് ചെറുകാട്ടിന്റെ ഏറ്റവും പുതിയ റാപ്പ് 'വെല്‍ ഓഫ് ഡെത്ത്' (മരണക്കിണര്‍) രസകരമായ ട്രാക്കെന്ന് ബിസിനസ് ടൈക്കൂണ്‍ ആനന്ദ് മഹീന്ദ്ര. സംഗീതത്തിലും കലയിലും അതീവ തല്പരനായ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര.
റാപ്പര്‍ സൂരജ് ചെറുകാട്ട് എന്ന ഹനുമാന്‍ കൈന്‍ഡിന്റെ എഏറ്റവും പുതിയ ട്രാക്ക് രസകരവും 'ആധികാരികവും അസാധാരണവും' എന്നാണ് ആനന്ദ് മഹേന്ദ്ര വിശേഷിപ്പിച്ചത്.
'അത്ഭുതകരമായ പ്രതിഭാധനരായ ഇന്ത്യന്‍ വംശജരായ യുവത്വം തദ്ദേശീയ അമേരിക്കന്‍ സംഗീത വിഭാഗങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ സൂരജ് ചെറുകാട്ട്, @Hanumankind1 @hanumankind (Insta) ആഗോള അംഗീകാരത്തിലേക്ക് കുതിക്കുന്നു. റാപ്പ് എല്ലാവര്‍ക്കും അനുയോജ്യമല്ലായിരിക്കാം, എന്നാല്‍ സൂരജ് ചെറുകാട്ട് തന്റെ ആധികാരിക ശബ്ദവും അസാധാരണമായ വീഡിയോകളുമായി കേരളത്തില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള കാഴ്ചകളിലൂടെ ശ്രദ്ധിക്കപ്പെടുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.
എക്‌സില്‍ സജീവമായ ആനന്ദ് മഹീന്ദ്രയ്ക്ക് 11.2 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ട്രെന്‍ഡിംഗ് വിഷയങ്ങളെ കുറിച്ചും ആകര്‍ഷകമായ സ്‌റ്റോറികളെ കുറിച്ചും അദ്ദേഹം പതിവായി പോസ്റ്റുകള്‍ ചെയ്യാറുണ്ട്. അതത് മേഖലകളില്‍ മികച്ച വിജയം നേടിയവരുടെ പ്രചോദനാത്മകമായ കഥകളും 68കാരനായ വ്യവസായി പങ്കിടാറുണ്ട്.
ഉത്സവപ്പറമ്പുകളിലെ ഗ്രേറ്റ് ഇന്ത്യന്‍ മാരുതി സര്‍ക്കസ് എന്ന കാറും മോട്ടോര്‍ സൈക്കിളുമോടിക്കുന്ന മരണക്കിണറാണ് സൂരജ് ചെറുകാട്ടിന്റെ വെല്‍ ഓഫ് ഡെത്തില്‍ അവതരിപ്പിക്കുന്നത്. മരണക്കിണറിലെ മാരുതിക്കാറില്‍ സൂരജ് ചെറുകാട്ട് ചുറ്റുന്നതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടും ആനന്ദ് മഹേന്ദ്ര പങ്കുവെച്ചിട്ടുണ്ട്.
മലപ്പുറത്തെ പൊന്നാനി സ്വദേശിയാണ് 31കാരനായ സൂരജ് ചെറുകാട്ട് എന്ന ഹനുമാന്‍ കൈന്‍ഡ്. കുട്ടിക്കാലത്ത് ടെക്‌സസിലേക്ക് താമസം മാറിയ അദ്ദേഹം പിന്നീട് ബെംഗളൂരുവിലേക്ക് മടങ്ങി. അവിടെയാണ് അദ്ദേഹം സംഗീത ജീവിതം ആരംഭിച്ചത്. കെന്‍ഡ്രിക്ക് ലാമര്‍, ജെ കോള്‍ തുടങ്ങിയ കലാകാരന്മാരുടെ സ്വാധീനമുള്ള ഹനുമാന്‍കൈന്‍ഡ് 2017-ലെ മൈക്ക് ഡ്രോപ്പ് ടൂര്‍ണമെന്റില്‍ വിജയിച്ചാണ് അംഗീകാരം നേടിയത്. അദ്ദേഹത്തിന്റെ വൈറല്‍ ട്രാക്ക് 'ബിഗ് ഡോഗ്‌സ്' ദശലക്ഷക്കണക്കിന് കാഴ്ചകളാണ് യുട്യൂബില്‍ സ്വന്തമാക്കിയത്.
വംശീയ വേര്‍തിരിവിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഹനുമാന്‍കൈന്‍ഡ് ഇന്ത്യന്‍ ഹിപ്-ഹോപ്പിന്റെ അതിരുകള്‍ ഭേദിക്കുന്നത് തുടരുകയാണ്. വിവിധ കലാകാരന്മാരുമായി സഹകരിച്ചും ഇന്ത്യയിലുടനീളം പ്രകടനം നടത്തിയും സംഗീതരംഗത്ത് ശ്രദ്ധേയമായ മുദ്രയാണ് അദ്ദേഹം പതിപ്പിക്കുന്നത്.
'ഗോ ടു സ്ലീപ്പ്,' 'റഷ് അവര്‍', 'സ്‌കൈലൈന്‍', 'ബിഗ് ഡാഗ്‌സ്' തുടങ്ങിയവയാണ് ഹനുമാന്‍ കൈന്‍ഡിന്റെ ശ്രദ്ധേയമായ ചില ഗാനങ്ങള്‍. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയ അദ്ദേഹത്തിന്റെ 'ബിഗ് ഡോഗ്‌സ്' എന്ന ട്രാക്കാണ് ഏറ്റവും ഒടുവിലായി വൈറലായത്. മഹാദേവ എന്ന കന്നഡ സിനിമയുടെ ടൈറ്റില്‍ ട്രാക്കില്‍ പോപ്കോണ്‍ മങ്കി ടൈഗര്‍ സിനിമയുടെ ഇംഗ്ലീഷ് റാപ്പ് പതിപ്പിലെ ഗാനം അദ്ദേഹമാണ് പാടിയത്. അത് ശ്രോതാക്കളെ ആകര്‍ഷിക്കുകയും ചെയ്തു.