പരിഹാസത്തെ പൂവുകളാക്കി പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി

പരിഹാസത്തെ പൂവുകളാക്കി പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി

Photo Caption


നടന്നു തീര്‍ത്ത വഴികളാണ് രാഹുല്‍ ഗാന്ധിക്കു വേണ്ടി ബി ജെ പിയോട് പ്രതികാരം ചെയ്തതെന്ന് തോന്നും പുതിയ ലോക്സഭയിലെ കാര്യങ്ങള്‍ കണ്ടാല്‍. കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നും രാഹുലിനെ കേരളത്തിലേക്ക് കെട്ടുകെട്ടിച്ചെന്ന് വീരവാദം മുഴക്കിയ ബി ജെ പി നേതാക്കള്‍ക്കും അനുയായികള്‍ക്കും കിട്ടിയ അടിയായിരുന്നു വയനാട്ടിലും റായ്ബറേലിയിലും അദ്ദേഹം നേടിയ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ വിജയം.

സോണിയാ ഗാന്ധിയുടെ അരിവെപ്പുകാരനെയാണ് അമേഠിയില്‍ മത്സരിപ്പിച്ചതെന്ന് പരിഹസിച്ച സ്മൃതി ഇറാനിക്ക് അതേ 'അരിവെപ്പുകാരനോട്' തോല്‍ക്കേണ്ടി വന്നത് വിധി വൈപരീത്യം മാത്രമായിരുന്നില്ല, എല്ലാ കാലത്തും പരിഹാസങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന തോന്നലിന് കിട്ടിയ മറുപടി കൂടിയായിരുന്നു. രാഹുലിനെ വയനാടും ഓടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു വേദിയില്‍ പ്രസംഗിച്ചത്. എന്നാല്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വന്‍ വിജയം നേടിയ രാഹുല്‍ ഒരിക്കല്‍ പോലും വോട്ടെണ്ണലില്‍ പിറകോട്ട് പോയിരുന്നില്ല. മോഡിയാകട്ടെ സ്വന്തം വാരാണസിയില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിറകില്‍ പോയി ഭയപ്പെടുകയും ചെയ്തു.

വയനാട്ടില്‍ രാഹുലിനെതിരെ മത്സരിച്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ കേന്ദ്രമന്ത്രിയും അമേഠിയില്‍ രാഹുലിന്റെ എതിരാളിയുമായിരുന്ന സ്മൃതി ഇറാനി അദ്ദേഹത്തിന് തീവ്രവാദി ബന്ധങ്ങളുണ്ടെന്നായിരുന്നു ആരോപിച്ചത്. തനിക്കെതിരെ വരുന്ന ആരോപണങ്ങളൊന്നിനു പോലും മാന്യതയോ സഭ്യതയോ വിടാതെ പ്രതികരിക്കുന്നതിലും പലപ്പോഴും ഒന്നും മിണ്ടാതെ അവ തള്ളിക്കളയാനും രാഹുല്‍ ഗാന്ധി ആര്‍ജ്ജവം കാണിച്ചു.

ഭാരത് ജോഡോ എന്ന കന്യാകുമാരിയില്‍ തുടങ്ങി കശ്മീരില്‍ അവസാനിപ്പിച്ച കാല്‍നട യാത്രയിലൂടെ അദ്ദേഹം ഇന്ത്യയുടെ ഹൃദയത്തിലാണ് ഇടം നേടിത്തുടങ്ങിയതെന്ന് പിന്നീടുള്ള കാര്യങ്ങള്‍ തെളിയിച്ചു. കഴിഞ്ഞ രണ്ടു തവണയും വലിയ വെല്ലുവിളികളൊന്നും ഉയര്‍ത്താന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസിന് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ പ്രധാനം രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ തന്നെയായിരുന്നു.

ട്വിസ്റ്റ് വന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്സഭയില്‍ ഇല്ലാതിരുന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് നല്‍കി.

അച്ഛനും അമ്മയ്ക്കും പിറകെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി എന്ന പ്രത്യേകതയുണ്ട്. 1989 ഡിസംബര്‍ 18 മുതല്‍ 1990 ഡിസംബര്‍ 24 വരെ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നു. തുടര്‍ന്ന് 1999 ഒക്ടോബര്‍ 13 മുതല്‍ 2004 ഫെബ്രുവരി ആറു വരെ സോണിയാ ഗാന്ധിയായിരുന്നു പ്രതിപക്ഷ നേതാവ്. മൂന്നാം മോഡി മന്ത്രിസഭയില്‍ രാഹുല്‍ ഗാന്ധി ആ സ്ഥാനത്തേക്കെത്തി.

പപ്പു എന്നുവിളിച്ച് അദ്ദേഹത്തെ പരിഹസിച്ചിരുന്നവര്‍ അറിയേണ്ട കാര്യങ്ങളാണ് ഇനി സംഭവിക്കാന്‍ പോകുന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണ്ടേ?

ക്യാബിനറ്റ് മന്ത്രിക്ക് തുല്യമാണ് പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളും സൗകര്യങ്ങളും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കാബിനറ്റ് മന്ത്രിയെപ്പോലെ സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ ഓഫീസ് ലഭിക്കും. ഉയര്‍ന്ന സുരക്ഷയും ലഭിക്കും. കാബിനറ്റ് മന്ത്രിമാര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ബംഗ്ലാവും രാഹുല്‍ ഗാന്ധിക്ക് ലഭിക്കും. കോടതി വിധിയുടെ പശ്ചാതലം പിടിച്ച് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും സസ്പെന്റ് ചെയ്യുകയും വീട് ഒഴിപ്പിക്കുകയും സുരക്ഷ ഒഴിവാക്കുകയും ചെയ്ത അതേ ഭരണകൂടം തന്നെ വീടും സുരക്ഷയുമൊരുക്കുന്ന അവസ്ഥയാണ് പുതിയ ഭരണത്തിലുണ്ടായത്.

സൗജന്യ വിമാനയാത്ര, റെയില്‍ യാത്ര, സര്‍ക്കാര്‍ വാഹനങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങി പ്രതിപക്ഷ നേതാവിന്റെ നിരവധി അവകാശങ്ങളും അധികാരങ്ങളും അദ്ദേഹത്തിനുണ്ടാകും. പ്രതിമാസ ശമ്പളത്തിനും മറ്റ് അലവന്‍സുകള്‍ക്കുമായി 3,30,000 രൂപയാണ് പ്രതിപക്ഷ നേതാവിന് ലഭിക്കുക. എം പിമാര്‍ക്ക് ശമ്പളവും മറ്റ് അലവന്‍സുകളും ഉള്‍പ്പെടെ ഏകദേശം 2.25 ലക്ഷം രൂപ ലഭിക്കുന്ന സ്ഥാനത്താണ് പ്രതിപക്ഷ നേതാവിന് ഒരു ലക്ഷത്തോളം രൂപ അധികമായി കിട്ടുന്നത്.  

മാത്രമല്ല അധികാരത്തിന്റെ കാര്യത്തിലും പ്രതിപക്ഷ നേതാവിന് വലിയ സ്ഥാനമുണ്ട്. സിബിഐ ഡയറക്ടര്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍, ലോകായുക്ത, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരടങ്ങുന്ന സമിതിയുടെ ഭാഗമായിരിക്കും ഇനി പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മുഖ്യ ഇലക്ഷന്‍ കമ്മീഷണറുടേയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേയും നിയമനങ്ങളിലെല്ലാം  പ്രധാനമന്ത്രി മോഡിയുടെ തൊട്ടടുത്ത കസേരയില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമുണ്ടാകും. ഈ തീരുമാനങ്ങളില്‍ പ്രധാനമന്ത്രി മോഡിക്ക് രാഹുല്‍ ഗാന്ധിയുടേയും സമ്മതം ആരായേണ്ടി വരും.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാനും സര്‍ക്കാര്‍ തീരുമാനങ്ങളെ കുറിച്ച് പ്രതികരിക്കാനും സാധിക്കും. സര്‍ക്കാരിന്റെ എല്ലാ ചെലവുകളും പരിശോധിക്കുന്ന 'പബ്ലിക് അക്കൗണ്ട്സ്' കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനുമാകും.

ഒന്നുമല്ലെന്ന് ബി ജെ പി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഒരാളാണ് കണക്കു കൂട്ടലുകളെയെല്ലാം കാറ്റില്‍ പറത്തി പ്രതിരോധത്തിന്റെ വലിയ നീക്കം നടത്തിയത്.