മാനനഷ്ടപരിഹാരമായി 100 കോടിആവശ്യപ്പെട്ട് ധോണി നല്‍കിയ ഹര്‍ജിയില്‍ 10 വര്‍ഷത്തിന് ശേഷം വിചാരണ

മാനനഷ്ടപരിഹാരമായി 100 കോടിആവശ്യപ്പെട്ട് ധോണി നല്‍കിയ ഹര്‍ജിയില്‍ 10 വര്‍ഷത്തിന് ശേഷം വിചാരണ


ചെന്നൈ: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ അപകീര്‍ത്തി കേസില്‍ 10 വര്‍ഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു. 2013ലെ ഐപിഎല്‍ വാതുവെപ്പ് വിവാദത്തില്‍ തന്റെ പ്രതിച്ഛായയെ ബാധിക്കും വിധം വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകനും ഐപിഎല്‍ ഉദ്യോഗസ്ഥനും എതിരെയാണ് ധോണി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 

വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ജൂലൈ 11ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ധോണിയുടെ സാക്ഷി മൊഴി രേഖപ്പെടുത്താന്‍ അഡ്വക്കേറ്റ് കമ്മിഷണറെ കോടതി നിയമിച്ചു. കോടതിക്ക് പുറത്ത് വെച്ച് ധോണിയുടെ സാക്ഷി മൊഴിയെടുക്കാനാണ് നിര്‍ദേശം. കോടതിയിലേക്ക് ധോണി എത്തിയാല്‍ വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും ഇത് കോടതി നടപടികള്‍ തടസപ്പെടാന്‍ ഇടയാക്കിയേക്കും എന്ന് വിലയിരുത്തിയാണ് ഈ തീരുമാനം.

2014ല്‍ സീ മീഡിയോ കോര്‍പ്പറേഷന്‍, മാധ്യമപ്രവര്‍ത്തകനായ സുധീര്‍ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ജി സംപന്ത് കുമാര്‍, ന്യൂന് നേഷന്‍ നെറ്റ് വര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് ധോണി അപകീര്‍ത്തി കേസ് നല്‍കിയത്. ധോണിക്ക് വേണ്ടി സീനിയര്‍ കൗണ്‍സല്‍ പി ആര്‍ രാമന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കോടതിയുടെ എല്ലാ നടപടികളുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് ധോണി സത്യവാങ്മൂലത്തില്‍ പറയുന്നതായി ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ഈ വര്‍ഷം ഒക്ടോബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ സമയം കണ്ടെത്താന്‍ സാധിക്കും എന്ന് ധോണി കോടതിയെ അറിയിച്ചു. 
ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കഴിഞ്ഞ ദിവസം എം എസ് ധോണിയും ഋതുരാജ് ഗയ്ക്വാദും ഫ്രാഞ്ചൈസി മാനേജ്‌മെന്റും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. സഞ്ജു സാംസണിനെ ചെപ്പോക്കില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ക്കിടയില്‍ ചര്‍ച്ചയായതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല. അതിനിടയില്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാന്‍ അനുവദിക്കണം എന്ന് അശ്വിന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് വന്നിരുന്നു.