കോപയില്‍ അര്‍ജന്റീനന്‍ കൊടുങ്കാറ്റ്

കോപയില്‍ അര്‍ജന്റീനന്‍ കൊടുങ്കാറ്റ്


മിയാമി: ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ കോപ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കൊളംബിയയെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം തൊട്ടു. അര്‍ജന്റീന 16-ാം തവണയാണ് കോപ സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ കോപ അമേരിക്ക കപ്പ് സ്വന്തമാക്കിയ ടീമായി അര്‍ജന്റീന. നേരത്തെ 15 തവണ വീതം യുറുഗ്വായും അര്‍ജന്റീനയുമാണ് കപ്പ് നേടിയത്. 

സുരക്ഷാ പ്രശ്നങ്ങളും കാണികളുണ്ടാക്കിയ പ്രശ്നങ്ങളും കാരണം 82 മിനുട്ട് വൈകിയാണ് ഫൈനല്‍ മത്സരം തുടങ്ങിയത്. 

2021ലെ കോപ വിജയത്തിനും 2022ലെ ഖത്തര്‍ ലോകകപ്പിലെ വിജയത്തിനും ശേഷം അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പ്രധാന ടൂര്‍ണമെന്റ് കിരീടമാണിത്. 

66-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ബെഞ്ചിലിരുന്നാണ് ബാക്കി സമയം കളി കണ്ടത്. ദേശീയ ടീമിനായുള്ള അവസാന മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് വികാരനിര്‍ഭരമായ വിടവാങ്ങലാണ് ലഭിച്ചത്. 

ഏഴാം മിനിറ്റില്‍ കൊളംബിയയുടെ ജോണ്‍ കോര്‍ബോബ ഗോള്‍ ശ്രമം നടത്തിയെങ്കിലും പിന്നിടങ്ങോട്ട് ഇരുടീമുകള്‍ക്കും കളിയുടെ ഒഴുക്ക് കണ്ടെത്താനായില്ല. 

20-ാം മിനിറ്റില്‍ മെസ്സിയുടെ ഇടതുകാല്‍ ഷോട്ട് കൊളംബിയ കീപ്പര്‍ കാമിലോ വര്‍ഗാസ് രക്ഷപ്പെടുത്തി.

നിരാശാജനകമായ ആദ്യ പകുതിക്കു ശേഷം ഇടവേളയ്ക്ക് പിന്നാലെയും സ്ഥിതി മെച്ചപ്പെട്ടില്ല. ഗോള്‍രഹിത നിശ്ചിത സമയത്തിന് ശേഷം അധികസമയത്താണ് അര്‍ജന്റീന കപ്പുറപ്പിച്ചത്.