സിയാറ്റിൽ: പുറത്താകലിന്റെ വക്കിൽ നിന്ന് അവസാന നിമിഷങ്ങളിൽ അത്ഭുതകരമായി തിരിച്ചുവന്ന് ബെൽജിയം ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മന്നേറി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സെനഗലിനെ 3-2ന് കീഴടക്കിയാണ് ചുവന്ന ചെകുത്താൻമാർ അടുത്ത റൗണ്ടിലേക്ക് കടന്നത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ അവസാനിച്ച മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടപ്പോൾ, 120ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി യൂറി ടീലിമാൻസ് ഗോളാക്കി മാറ്റി ബെൽജിയത്തിന്റെ വിജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ മികച്ച തുടക്കമാണ് ബെൽജിയത്തിന് ലഭിച്ചത്. ട്രോസാർഡ് ഉൾപ്പെടെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സെനഗൽ ഗോൾകീപ്പർ മോറി ഡിയോ മികച്ച സേവുകളിലൂടെ രക്ഷകനായി. പിന്നീട് ആക്രമണം ശക്തമാക്കിയ സെനഗൽ 24ാം മിനിറ്റിൽ ഹബീബ് ഡിയാരയുടെ ഹെഡറിലൂടെ ലീഡെടുത്തു. ആദ്യ പകുതി 1-0ന് സെനഗലിന്റെ മുൻതൂക്കത്തിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെനഗൽ വീണ്ടും പ്രഹരിച്ചു. 51ാം മിനിറ്റിൽ ഇസ്മായില സാർ രണ്ടാം ഗോൾ നേടിയതോടെ ബെൽജിയം കടുത്ത സമ്മർദത്തിലായി. പിന്നാലെ റൊമേലു ലുക്കാക്കുവിനെ ഇറക്കിയതോടെ ബെൽജിയത്തിന്റെ ആക്രമണത്തിന് കൂടുതൽ മൂർച്ചയായി.
മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ലുക്കാക്കു ഗോൾ നേടി ബെൽജിയത്തിന് പ്രതീക്ഷ നൽകി. മൂന്ന് മിനിറ്റിനകം യൂറി ടീലിമാൻസ് ഹെഡറിലൂടെ സമനില പിടിച്ചതോടെ മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാടൈമിന്റെ അവസാന നിമിഷത്തിൽ ബെൽജിയം മുന്നേറ്റത്തിനിടെ ബോക്‌സിനുള്ളിൽ ലമീൻ കമാറ ടീലിമാൻസിനെ ഫൗൾ ചെയ്തു. വീഡിയോ പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ടീലിമാൻസ് പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ബെൽജിയം 3-2ന് മുന്നിലെത്തി.
അവസാന വിസിൽ മുഴങ്ങിയതോടെ ബെൽജിയം താരങ്ങൾ വിജയാഘോഷത്തിലേക്ക് നീങ്ങിയപ്പോൾ, രണ്ടുഗോൾ ലീഡ് നഷ്ടപ്പെടുത്തി പുറത്തായ സെനഗൽ താരങ്ങൾ നിരാശയോടെ മൈതാനം വിട്ടു.
രണ്ടുഗോൾ പിന്നിൽ നിന്ന് അത്ഭുത തിരിച്ചുവരവ്; എക്‌സ്ട്രാടൈമിലെ പെനാൽറ്റിയിൽ ബെൽജിയം പ്രീക്വാർട്ടറിൽ
