ജറുസലേം: ജറുസലേമിൽ സ്ഥിരം അമേരിക്കൻ എംബസി സമുച്ചയം നിർമിക്കുന്നതിനുള്ള കരാറിൽ അമേരിക്കയും ഇസ്രയേലും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ തെളിവാണ് ഈ തീരുമാനമെന്ന് ഇസ്രയേൽ വിശേഷിപ്പിച്ചു. ദക്ഷിണ ജറുസലേമിലെ അലൻബി കോംപൗണ്ടിലാണ് പുതിയ എംബസി സമുച്ചയം നിർമിക്കുക.
കരാർ ഒപ്പുവെച്ച ചടങ്ങിൽ അമേരിക്കൻ സ്ഥാനപതി മൈക്ക് ഹക്കബി, ജറുസലേം ജൂതജനതയുടെ ശാശ്വതവും ചരിത്രപരവുമായ തലസ്ഥാനമാണെന്ന് അമേരിക്ക അംഗീകരിക്കുന്നുവെന്ന് പറഞ്ഞു. ഇസ്രയേലിലെ അമേരിക്കൻ നയതന്ത്ര പ്രവർത്തനങ്ങളുടെ സ്ഥിരം കേന്ദ്രമായി പുതിയ എംബസി സമുച്ചയം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് 2017ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്ത തീരുമാനം ചരിത്രപരമായിരുന്നുവെന്നും, പുതിയ സ്ഥിരം എംബസി സമുച്ചയം ആ തീരുമാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ പറഞ്ഞു.
ട്രംപിന്റെ ആദ്യ ഭരണകാലത്താണ് അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കുകയും ടെൽ അവീവിൽ നിന്നുള്ള എംബസി ജറുസലേമിലേക്ക് മാറ്റുകയും ചെയ്തത്.
എന്നാൽ കിഴക്കൻ ജറുസലേമിനെ ഭാവി പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമാക്കണമെന്നാണ് പലസ്തീൻ നിലപാട്. അതിനാൽ ജറുസലേമിന്റെ അന്തിമ പദവി സമാധാന ചർച്ചകളിലൂടെ തീരുമാനിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിലപാട് പിന്തുടർന്ന് ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോഴും തങ്ങളുടെ എംബസികൾ ടെൽ അവീവിലാണ് നിലനിർത്തുന്നത്.
ഇസ്രയേൽ ലെബനനിൽ നടത്തിയ സൈനിക ആക്രമണങ്ങളെച്ചൊല്ലി അമേരിക്കയും ഇസ്രയേലും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കരാർ. ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടികൾക്ക് പിന്നാലെ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്ന രീതിയെച്ചൊല്ലി പ്രസിഡന്റ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഭിന്നതയുണ്ടെന്ന സൂചനകളും അടുത്തിടെ പുറത്തുവന്നിരുന്നു.
ജറുസലേമിൽ സ്ഥിരം അമേരിക്കൻ എംബസി സമുച്ചയം; കരാറിൽ ഒപ്പുവെച്ച് യുഎസും ഇസ്രയേലും
