അമേരിക്കൻ നാവികസേന ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി; ഒരു ജീവനക്കാരനെ കാണാതായി

അമേരിക്കൻ നാവികസേന ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തരമായി ഇറക്കി; ഒരു ജീവനക്കാരനെ കാണാതായി


വാഷിങ്ടൺ: അറബിക്കടലിൽ അമേരിക്കൻ നാവികസേനയുടെ എം.എച്ച്60എസ് സീ ഹോക്ക് ഹെലികോപ്റ്റർ അടിയന്തരമായി കടലിൽ ഇറക്കേണ്ടിവന്നു. നാല് ജീവനക്കാരുണ്ടായിരുന്ന ഹെലികോപ്റ്ററിലെ മൂന്നുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് യു.എസ്. നേവൽ ഫോഴ്‌സസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ, പ്രത്യേക സൈനിക ദൗത്യങ്ങൾ, യുദ്ധസഹായ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഇരട്ട എൻജിനുള്ള ഹെലികോപ്റ്ററാണ് എം.എച്ച് 60എസ് സീ ഹോക്ക്. പ്രാദേശിക സമയം രാവിലെ 11ഓടെയും അമേരിക്കൻ കിഴക്കൻ സമയം പുലർച്ചെ 3.30ഓടെയുമാണ് സംഭവം നടന്നത്.

രക്ഷപ്പെടുത്തിയ മൂന്ന് പേരെയും യു.എസ്.എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് വിമാനവാഹിനിക്കപ്പലിലേക്ക് മാറ്റിയതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. കാണാതായ ജീവനക്കാരനായി മേഖലയിലുള്ള അമേരിക്കൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും വ്യാപക തിരച്ചിൽ നടത്തുകയാണ്.

സംഭവത്തിന് പിന്നിൽ ശത്രുരാജ്യങ്ങളുടെ ആക്രമണമുണ്ടായതായി സൂചനകളില്ലെന്നും അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ അവസാനം മുതൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന യു.എസ്.എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് മേഖലയിലെ രണ്ട് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിനമേലുള്ള ഉപരോധം അമേരിക്ക പിൻവലിച്ചെങ്കിലും മേഖലയിൽ ശക്തമായ സൈനിക സാന്നിധ്യം ഇപ്പോഴും തുടരുകയാണ്.

മേയ് മാസത്തിൽ കോൺഗ്രസിന് നൽകിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിച്ചതിനശേഷം അമേരിക്കയ്ക്ക് 42 സ്ഥിരചിറകുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും നഷ്ടമായിട്ടുണ്ട്. ജൂൺ ആദ്യം ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന അപ്പാച്ചെ ഹെലികോപ്റ്റർ ഈ കണക്കിൽ ഉൾപ്പെട്ടിരുന്നില്ല. അന്ന് ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് സൈനികരെയും ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.