ദോഹ: അമേരിക്കയുമായുള്ള ധാരണാപത്രം (എംഒയു) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ദോഹ ചർച്ചകൾക്ക് പിന്നാലെ, മരവിപ്പിച്ചിരുന്ന 600 കോടി ഡോളറിന്റെ (6 ബില്യൺ ഡോളർ) ഒരു ഭാഗം രാജ്യത്തിന് ആവശ്യമായ അവശ്യസാധനങ്ങൾ വാങ്ങാൻ വിനിയോഗിക്കുമെന്ന് ഇറാൻ അറിയിച്ചു.
ഖത്തർ അധികൃതരുമായും കേന്ദ്രബാങ്ക് പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ ധാരണയായതായി ഇറാൻ ഉപവിദേശകാര്യ മന്ത്രി കസേം ഗരീബാബാദി വ്യക്തമാക്കി. രാജ്യത്തിന്റെ ആവശ്യങ്ങൾ അറിയിക്കുന്നതനുസരിച്ച് ആവശ്യമായ സാധനങ്ങൾ വാങ്ങി ഇറാനിലേക്ക് എത്തിക്കാനാണ് തീരുമാനം.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവിരാമത്തിന് വഴിവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ആസ്തികൾ ലഭ്യമാക്കാൻ അമേരിക്ക സമ്മതിച്ചിരുന്നു. എന്നാൽ ഈ തുക എങ്ങനെ, എപ്പോൾ, ഏത് സംവിധാനത്തിലൂടെയാണ് വിട്ടുനൽകുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ദോഹയിൽ നടന്ന ചർച്ചയിൽ ഇറാൻ പ്രതിനിധിസംഘം ഖത്തർ, പാകിസ്ഥാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ധാരണാപത്രം നടപ്പാക്കുന്ന നടപടികൾ വിലയിരുത്തി. 2023 മുതൽ ദക്ഷിണ കൊറിയയിൽ നിന്ന് ഖത്തറിലെ നിയന്ത്രിത അക്കൗണ്ടുകളിലേക്ക് മാറ്റിയ ഇറാന്റെ എണ്ണവരുമാനത്തിന്റെ ഭാഗമാണ് ഈ 600 കോടി ഡോളർ.
ധാരണാപത്രം നടപ്പാക്കുന്നത് നിരീക്ഷിക്കുന്ന സമിതിയുടെ യോഗവും ദോഹയിൽ ചേർന്നു. ലെബനനിലെ യുദ്ധവിരാമവുമായി ബന്ധപ്പെട്ട ധാരണയിലെ ആദ്യ വ്യവസ്ഥ അമേരിക്ക ലംഘിച്ചുവെന്ന ഇറാന്റെ പരാതിയും പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും യോഗത്തിൽ ചർച്ചയായി.
ധാരണാപത്ര ലംഘനങ്ങൾ രേഖപ്പെടുത്താനും പരാതികൾ കൈമാറാനും പ്രത്യേക ആശയവിനിമയ സംവിധാനം ഉടൻ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.
അതേസമയം, മരവിപ്പിച്ച ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ഇറാനാണെന്ന് കഴിഞ്ഞ മാസം ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് ഏറ്റവും ആവശ്യമായ സാധനങ്ങൾ വാങ്ങാനാണ് ഈ തുക ഉപയോഗിക്കുകയെന്നും അറിയിച്ചിരുന്നു.
അമേരിക്കൻ ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് നേരത്തെ, ഫണ്ട് വിട്ടുനൽകുന്ന നടപടിയിൽ അമേരിക്കയ്ക്കും ഖത്തറിനും മേൽനോട്ടമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാനും ഈ തുക ഉപയോഗിക്കാമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു.
ദോഹ ചർച്ചകൾക്ക് സമാപനം; മരവിപ്പിച്ച 600 കോടി ഡോളർ അവശ്യസാധനങ്ങൾ വാങ്ങാൻ വിനിയോഗിക്കുമെന്ന് ഇറാൻ
