ഇ. ജീൻ കാരോളിന് 43 കോടി രൂപ നഷ്ടപരിഹാരം ഉടൻ നൽകണം; ട്രംപിനെതിരെ കോടതിയിൽ പുതിയ ഹർജി

ഇ. ജീൻ കാരോളിന് 43 കോടി രൂപ നഷ്ടപരിഹാരം ഉടൻ നൽകണം; ട്രംപിനെതിരെ കോടതിയിൽ പുതിയ ഹർജി


വാഷിങ്ടൺ: എഴുത്തുകാരി ഇ. ജീൻ കാരോളിന് 50 ലക്ഷം ഡോളർ (ഏകദേശം 43 കോടി രൂപ) നഷ്ടപരിഹാരം ഉടൻ നൽകാൻ ഡോണൾഡ് ട്രംപിന് ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പുതിയ ഹർജി. ട്രംപിന്റെ അപ്പീൽ പരിഗണിക്കാൻ അമേരിക്കൻ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കാരോളിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചത്.

1990കളിൽ ന്യൂയോർക്കിലെ ബെർഗ്‌ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ ട്രംപ് ലൈംഗികമായി ആക്രമിച്ചെന്നും പിന്നീട് ആരോപണങ്ങൾ നഷേധിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് കാരോൾ സിവിൽ കേസ് നൽകിയത്.

2023ൽ കേസ് പരിഗണിച്ച ന്യൂയോർക്ക് ജൂറി, ലൈംഗികാതിക്രമത്തിനും അപകീർത്തിപ്പെടുത്തലിനും ട്രംപ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കാരോളിന് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.

ഈ വിധിക്കെതിരെ ട്രംപ് നൽകിയ അപ്പീലുകൾ കീഴ് കോടതികൾ തള്ളിയിരുന്നു. ഒടുവിൽ സുപ്രീംകോടതിയും കേസ് വീണ്ടും പരിഗണിക്കാൻ തയ്യാറാകാതിരുന്നതോടെ നഷ്ടപരിഹാരം നൽകുന്നത് ഇനി വൈകിപ്പിക്കാനാകില്ലെന്നാണ് കാരോളിന്റെ അഭിഭാഷകരുടെ വാദം.

പലിശയുൾപ്പെടെ ട്രംപ് ഇപ്പോൾ നൽകേണ്ട തുക ഏകദേശം 58 ലക്ഷം ഡോളറായതായി ഹർജിയിൽ വ്യക്തമാക്കുന്നു. നഷ്ടപരിഹാരം ഒഴിവാക്കാൻ നടത്തിയ എല്ലാ നിയമനീക്കങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി തുക ഉടൻ നൽകാൻ കോടതി ഉത്തരവിടണമെന്നുമാണ് ആവശ്യം.

അതേസമയം, സുപ്രീംകോടതിയുടെ തീരുമാനത്തിന് ശേഷവും കാരോളിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ആവർത്തിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.