വാഷിങ്ടൺ: അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ തമ്മിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാർ (USMCA) നിലവിലെ രൂപത്തിൽ പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പകരം, 2036 വരെ കരാർ നിലവിലുണ്ടാകുമെങ്കിലും ഇനി മുതൽ എല്ലാ വർഷവും കരാർ അവലോകനത്തിന് വിധേയമാക്കാനാണ് തീരുമാനം.
അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറാണ് ഇക്കാര്യം അറിയിച്ചത്. കരാർ പുതുക്കാതിരിക്കാൻ തീരുമാനിച്ചെങ്കിലും, കാനഡയുമായും മെക്‌സിക്കോയുമായും ചർച്ചകൾ തുടരുമെന്നും വ്യാപാര അസന്തുലിതാവസ്ഥയും കരാറിലെ പോരായ്മകളും പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനത്തോടെ വടക്കേ അമേരിക്കയിലെ വ്യാപാര മേഖലയിൽ, പ്രത്യേകിച്ച് വാഹനനിർമാണ മേഖലയിലെ വിതരണ ശൃംഖലയെക്കുറിച്ച് വീണ്ടും അനിശ്ചിതത്വം ഉയരുമെന്നാണ് വിലയിരുത്തൽ. മൂന്ന് രാജ്യങ്ങളും പരസ്പരം ആശ്രയിച്ചുള്ള വ്യാപാരബന്ധമാണ് നിലനിൽക്കുന്നത്.
ആദ്യ പ്രസിഡന്റ് കാലയളവിൽ ഡോണൾഡ് ട്രംപ് തന്നെയാണ് 1992ലെ നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റിന് (NA FTA) പകരമായി USMCA ചർച്ച ചെയ്ത് 2020ൽ നിയമമാക്കിയത്. അന്ന് അമേരിക്ക ഒപ്പുവെച്ചതിൽ ഏറ്റവും നീതിപൂർണവും സന്തുലിതവും പ്രയോജനകരവുമായ വ്യാപാരകരാറാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.
എന്നാൽ രണ്ടാം കാലയളവിൽ ട്രംപ് ഭൂരിഭാഗം വ്യാപാര പങ്കാളി രാജ്യങ്ങൾക്കും എതിരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തി. 2025 മാർച്ചിൽ മെക്‌സിക്കോയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും തീരുവ ചുമത്തിയിരുന്നു. കാനഡയിൽ നിന്നുള്ള എണ്ണ, ഊർജ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവ മാത്രമാണ് ബാധകമാക്കിയത്.
ഈ തീരുവകൾക്കെതിരെ ഉയർന്ന നിയമപോരാട്ടത്തിനൊടുവിൽ, 2026 ഫെബ്രുവരിയിൽ അമേരിക്കൻ സുപ്രീം കോടതി ഭരണകൂടം ഭരണഘടനാപരമായ അധികാരം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തീരുവ നടപടികൾ റദ്ദാക്കിയിരുന്നു.
കരാറിന് 16 വർഷത്തെ കാലാവധി വേണമെന്നായിരുന്നു കാനഡയുടെയും മെക്‌സിക്കോയുടെയും ആവശ്യം. എന്നാൽ ഇനി വാർഷിക അവലോകനം മാത്രമായതിനാൽ തീരുവ, കാർഷിക ഉൽപ്പന്നങ്ങൾ, വാഹനമേഖല തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ദീർഘകാലം തുടരാനാണ് സാധ്യത.
യുഎസ്-കാനഡ-മെക്‌സിക്കോ വ്യാപാര കരാർ പുതുക്കില്ല; വാർഷിക അവലോകനത്തിന് മാത്രം ട്രംപ് ഭരണകൂടം
