ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍


ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്തു. വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഒറ്റ ദിവസം പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണിങ് വിക്കറ്റില്‍ 292 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 197 പന്തില്‍ 205 റണ്‍സെടുത്ത ഷഫാലി റണ്ണൗട്ടാകും മുന്‍പ് 23 ഫോറും എട്ട് സിക്‌സും നേടിയിരുന്നു.

സ്മൃതി 161 പന്തില്‍ 27 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 149 റണ്‍സും നേടി. ഏകദിന പരമ്പരയില്‍ സ്മൃതി രണ്ടു സെഞ്ച്വറികളും ഒരു തൊണ്ണൂറും നേടിയിരുന്നു.

എസ് ശുഭ (15), ജമീമ റോഡ്രിഗ്‌സ് (55) എന്നിവരുടെ വിക്കറ്റുകള്‍ കൂടിയാണ് ആദ്യ ദിവസം ഇന്ത്യക്കു നഷ്ടമായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (42) വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും (43) പുറത്താകാതെ നില്‍ക്കുന്നു.

ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. ഉച്ചയ്ക്കു ശേഷമായിരുന്നു ഷഫാലിയുടെയും സ്മൃതിയുടെയും വെടിക്കെട്ടുകള്‍.