വെസ്റ്റ് ബാങ്കിലെ ബിര്‍സൈത് സര്‍വകലാശാല ക്യാംപസില്‍ ഇസ്രായേല്‍ സൈനികര്‍ അതിക്രമിച്ച് കയറി

വെസ്റ്റ് ബാങ്കിലെ ബിര്‍സൈത് സര്‍വകലാശാല ക്യാംപസില്‍ ഇസ്രായേല്‍ സൈനികര്‍ അതിക്രമിച്ച് കയറി


വെസ്റ്റ്ബാങ്ക്: റാമല്ലയ്ക്ക് സമീപത്തെ ബിര്‍സൈത് സര്‍വകലാശാലയില്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്)അതിക്രമിച്ച് കയറിയതായി റിപ്പോര്‍ട്ടുകള്‍. വെടിവെപ്പില്‍ കുറഞ്ഞത് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്താ ഏജന്‍സി വഫയുടെ റിപ്പോര്‍ട്ട് പ്രകാരം ഇസ്രായേല്‍ സൈന്യം സര്‍വകലാശാലയുടെ പ്രധാന പ്രവേശന കവാടം മറികടന്ന് ക്യാംപസിലെ വിവിധ കെട്ടിടങ്ങളില്‍ പരിശോധന നടത്തി. ഹമാസിനെ അനുകൂലിക്കുന്ന വിദ്യാര്‍ഥി സംഘടനയുമായി ബന്ധപ്പെട്ട വസ്തുക്കളും അവര്‍ പിടിച്ചെടുത്തു.

ഐ ഡി എഫ് റെയ്ഡുകള്‍ നടന്ന സമയത്ത് ഏകദേശം എട്ടായിരം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ ഉണ്ടായിരുന്നുവെന്ന് വഫ റിപ്പോര്‍ട്ട് ചെയ്തു.

പാലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വിവരമനുസരിച്ച് ഐ ഡി എഫിന്റെ ആക്രമണത്തെ തുടര്‍ന്ന് 11 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേര്‍ക്ക് വെടിയുണ്ടയേറ്റ പരിക്കുകളും നാലുപേര്‍ക്ക് കണ്ണീര്‍വാതക ആക്രമണത്തെ തുടര്‍ന്ന് പരിക്കുകളും ഉണ്ടായിട്ടുണ്ട്.

പാലസ്തീനിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ബിര്‍സൈത് സര്‍വകലാശാല. 1924-ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല ബിരുദവും ബിരുദാനന്തര ബിരുദവും ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ നല്‍കുന്നു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പലപ്പോഴും ഇസ്രായേല്‍ അധികാരികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.