ഐസിസി ടി 20 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഇന്ത്യക്ക്

ഐസിസി ടി 20 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഇന്ത്യക്ക്


ബ്രിഡ്ജ്ടൗണ്‍: ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക്. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. 

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 169 റണ്‍സില്‍ അവസാനിച്ചു. 

ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ വിരാട് കോലി 76 റണ്‍സുമായി ടോപ് സ്‌കോററായി. അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷര്‍ പട്ടേലാണ് (31 പന്തില്‍ 47) തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച കോലിയുമൊത്ത് അതിജീവിച്ചത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. 

ആദ്യ ഓവറില്‍ മാര്‍ക്കോ യാന്‍സനെതിരേ മൂന്നു ബൗണ്ടറിയുമായി തുടങ്ങിയ കോലി മികച്ച ഫോമിന്റെ സൂചനകള്‍ നല്‍കി. തൊട്ടടുത്ത ഓവര്‍ സ്പിന്നര്‍ കേശവ് മഹാരാജ് പന്തെറിയാനെത്തിയപ്പോള്‍ രോഹിത് ശര്‍മ രണ്ടു ബൗണ്ടറി നേടിയെങ്കിലും രോഹിതിന്റെയും (5 പന്തില്‍ 9) ഋഷഭ് പന്തിന്റെയും (2 പന്തില്‍ 0) വിക്കറ്റുകള്‍ സ്വന്തമാക്കി. 

48 പന്തില്‍ 50 തികച്ച കോലി അടുത്ത പത്ത് പന്തില്‍ 26 റണ്‍സ് കൂടി നേടിയാണ് പത്തൊമ്പതാം ഓവറില്‍ പുറത്തായത്. ആകെ 59 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 76 റണ്‍സ്. രണ്ടു സിക്‌സും പിറന്നത് അമ്പതിനു ശേഷമായിരുന്നു.

2012നു ശേഷം ആദ്യമായാണ് ഒരു ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടുന്ന ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിയാതെയാണ് ഫൈനലില്‍ വരെയെത്തിയത്. ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ക്രിക്കറ്റിന്റെ ഏതെങ്കിലും ഫോര്‍മാറ്റില്‍ ഫൈനല്‍ കളിക്കുന്നത്.