ഐസിസി അണ്ടര്‍ 19 വനിതാ ടി20 ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക്

ഐസിസി അണ്ടര്‍ 19 വനിതാ ടി20 ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക്


ക്വാലാലംപുര്‍: ഐസിസി അണ്ടര്‍ 19 വനിതാ ട്വന്റി-20 ലോകകപ്പ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറിലാണ് ഇന്ത്യന്‍ കൗമാരക്കാരികള്‍ മറികടന്നത്. രണ്ട് വര്‍ഷം മുന്‍പ് ടൂര്‍ണമെന്റിന്റെ പ്രഥമ പതിപ്പില്‍ ഇന്ത്യക്കായിരുന്നു കിരീടം. 

ഓപ്പണര്‍ ജി തൃഷ നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. 33 പന്തുകളില്‍ 8 ബൗണ്ടറികളടക്കം 44 റണ്‍സാണ് തൃഷ നേടിയത്.

തൃഷയുടെ സഹ ഓപ്പണര്‍ ജി കമാലിനി 8 റണ്‍സെടുത്ത് പുറത്തായെങ്കിലും പകരം സാനിക ഛല്‍ക്കെ വന്നതോടെ ഇന്ത്യന്‍ സ്‌കോറിങ് പുരോഗമിച്ചു. ടീം സ്‌കോര്‍ 36ല്‍ നില്‍ക്കെയാണ് കമാലിനി മടങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 23 റണ്‍സെടുത്ത സിക് വാന്‍ വൂസ്റ്റിന് മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ഓപ്പണര്‍ ജെമ്മ ബോത്ത (16), ഫേ കൗളിങ് (15) വിക്കറ്റ് കീപ്പര്‍ കരാബോ മീസോ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. 

ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ തൃഷ ബൗളിങ്ങിലും തിളങ്ങി. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ബാറ്ററും തൃഷയാണ്. ഏഴ് മത്സരങ്ങളില്‍ 77 റണ്‍ ശരാശരിയോടെ 309 റണ്‍സാണ് നേടിയത്. ഇതില്‍ അണ്ടര്‍-19 വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സെഞ്ചുറിയും ഉള്‍പ്പെടുന്നു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 143 റണ്‍സുമായി മൂന്നാം സ്ഥാനത്ത് ഓപ്പണിങ് പങ്കാളി കമാലിനിയുമുണ്ട്.

വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇന്ത്യന്‍ ലെഫ്റ്റ് ആം സ്പിന്നര്‍മാരായ വൈഷ്ണവി ശര്‍മയും ആയുഷി ശുക്ലയുമാണ്. വൈഷ്ണവി 17 വിക്കറ്റ് നേടിയപ്പോള്‍ ആയുഷിക്ക് 14 വിക്കറ്റുണ്ട്. പരുണിക സിസോദിയ 10 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്.