വനിതാ ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ

വനിതാ ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ


ചെന്നൈ: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ വനിതകളുടെ ടെസ്റ്റിലും ജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. 

ആദ്യ ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് ഉള്‍പ്പെടെ മത്സരത്തിലാകെ പത്ത് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ സ്‌നേഹ് റാണ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണര്‍ ഷഫാലി വര്‍മ ഇരട്ട സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന സെഞ്ച്വറിയും നേടിയിരുന്നു.

603/6 എന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലെയര്‍ ചെയ്ത ഇന്ത്യ എതിരാളികളെ 266 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. ഫോളോ ഓണ്‍ ചെയ്ത സന്ദര്‍ശകര്‍ക്കു വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും (122) സൂന്‍ ലൂസും (109) സെഞ്ച്വറി നേടിയെങ്കിലും അവര്‍ 373 റണ്‍സിന് ഓള്‍ ഔട്ടായി.

സ്‌നേഹ് റാണയ്ക്കു പുറമേ ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്ക്വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പൂജ വസ്ത്രകാര്‍, ഷഫാലി വര്‍മ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് നേടാനായി. 

ഇന്ത്യക്ക് ജയിക്കാന്‍ ആവശ്യമായ 37 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ എസ് ശുഭയും (13) ഷഫാലിയും (24) ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു.  ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളും ഇന്ത്യ തന്നെയാണ് ജയിച്ചത്.