നവി മുംബൈ: ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ പ്രവേശനം നേടിയത്. ദക്ഷിണാഫ്രിക്കയാണ് എതിരാളി. സെഞ്ചുറിയുമായി ജമീമ റോഡ്രിഗ്‌സ് ഇന്ത്യയുടെ വീരനായികയായി.
ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലിസ ഹീലി ബാറ്റിങ് തെരഞ്ഞെടുത്തു. 49.5 ഓവറില്‍ അവര്‍ 338 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്. ഓസ്‌ട്രേലിയക്കെതിരേ ഏതു ടീമും ചെയ്‌സ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
നേരത്തെ, ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡിന്റെ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. 93 പന്തില്‍ 17 ഫോറും മൂന്നു സിക്‌സും സഹിതം 119 റണ്‍സാണ് ഫോബ് നേടിയത്. വെറ്ററന്‍ താരങ്ങളായ എല്ലിസ് പെറി (88 പന്തില്‍ 77), ആഷ്ലി ഗാര്‍ഡ്നര്‍ (45 പന്തില്‍ 63) എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി.
ഇന്ത്യക്കു വേണ്ടി സ്പിന്നര്‍മാര്‍ ശ്രീ ചരണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. മൂന്ന് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ റണ്ണൗട്ടായി.
പരുക്കേറ്റ ഓപ്പണര്‍ പ്രതീക റാവലിനു പകരം പതിനഞ്ചംഗ ടീമിലേക്കു തെരഞ്ഞെടുത്ത ഷഫാലി വര്‍മയെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, അഞ്ച് പന്ത് മാത്രം നേരിട്ട ഷഫാലി പത്ത് റണ്‍സെടുത്ത് പുറത്തായി. ഇന്‍ ഫോം ഓപ്പണര്‍ സ്മൃതി മന്ഥന 24 റണ്‍സിനും പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍, ഹര്‍ലീന്‍ ഡിയോളിനെ പുറത്തിരുത്തി ജമീമ റോഡ്രിഗ്‌സിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനം ഗുണം ചെയ്തു.
നേരിട്ട 115-ാം പന്തില്‍ ജമീമ തന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമൊത്ത് 167 റണ്‍സും കൂട്ടിച്ചേര്‍ത്തു. 88 പന്തില്‍ പത്ത് ഫോറും രണ്ടു സിക്‌സും സഹിതം 89 റണ്‍സെടുത്താണ് ഹര്‍മന്‍പ്രീത് പുറത്തായത്.
